ഗോൾവേട്ടയിൽ പുതിയ റെക്കോർഡുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
1 min read

റിയാദ്: ഫുട്ബോൾ ഗോൾവേട്ടക്കാരുടെ പട്ടികയിൽ പുതിയ റെക്കോർഡ് കുറിച്ച് സൂപ്പർ താരം ക്രസ്റ്റ്യാനോ റൊണാൾഡോ. അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ അൽ നസറിൻ്റെ ആദ്യ ജയത്തിനൊപ്പമായിരുന്നു റൊണാൾഡോയുടെ നേട്ടം. യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസർ തോൽപ്പിച്ചത്. മത്സരത്തിൻ്റെ 74-ാം മിനിറ്റിൽ തകർപ്പൻ ഹെഡറർ വലയിലെത്തിച്ചായിരുന്നു റൊണാൾഡോ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.
ഏറ്റവും കൂടുതൽ തവണ ഹെഡറർ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കി. 145-ാം തവണയാണ് ക്രിസ്റ്റ്യാനോ ഹെഡററിലൂടെ ഗോൾവല ചലിപ്പിച്ചത്. ജർമ്മൻ ഇതിഹാസ താരം ഗെർഡ് മുള്ളറിൻ്റെ 144 ഹെഡററെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ മറികടന്നു. കരിയറിലാകെ 839 ഗോളുകളാണ് പോർച്ചുഗീസ് താരത്തിൻ്റെ പേരിൽ കുറിച്ചിരിക്കുന്നത്. അൽ നസറിനായി സീസണിലെ ആദ്യ ഗോളുമായിരുന്നു ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.
മത്സരത്തിൽ ആധികാരികമായാണ് അൽ നസർ വിജയം നേടിയത്. 74 ശതമാനം സമയത്തും അൽ നസർ പന്ത് കൈവശം വെച്ചു. എങ്കിലും ആദ്യ ഗോൾ നേടാൻ 42-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 66-ാം മിനിറ്റിൽ മൊണാസ്റ്റിറിന സമനില ഗോൾ നേടി. എട്ട് മിനിറ്റിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്ര ഗോൾ. 88, 90 മിനിറ്റിൽ വീണ്ടും അൽ നസർ ഗോൾ നേട്ടം. വ്യാഴാഴ്ച സമലേക്കുമായാണ് അൽ നസറിൻ്റെ അടുത്ത മത്സരം.