NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മേല്‍പ്പാലങ്ങള്‍ക്ക് താഴെ ടര്‍ഫ് ഗ്രൗണ്ടും ഓപ്പണ്‍ ജിമ്മും; രണ്ടു പാലങ്ങള്‍ ദീപാലംകൃതമാക്കും; പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്തിന്റെ കീഴിലുള്ള പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റില്‍ ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലങ്ങള്‍ ദീപാലംകൃതമാക്കി മാറ്റുകയും നദികള്‍ക്ക് കുറുകെയല്ലാത്ത ഓവര്‍ ബ്രിഡ്ജുകളുടെ താഴത്തെ ഭാഗം പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകും വിധം മികച്ച രീതിയില്‍ മാറ്റുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ഓവര്‍ ബ്രിഡ്ജും കൊല്ലം എസ് എന്‍ കോളേജിന് സമീപത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജുമാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീ സൗഹൃദവും വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊല്ലത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴത്തെ ഭാഗത്ത് ബാഡ്മിന്റണ്‍ കോര്‍ട്ട്, സ്‌കേറ്റിംഗ് പ്ലേസ്, ചെസ്സ് പ്ലോട്ട്, നടക്കാനുള്ള സൗകര്യം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിക്കുന്നത്. പദ്ധതിയുടെ അന്തിമ രൂപമായെന്നും ഓഗസ്റ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള ഓവര്‍ ബ്രിഡ്ജിന് താഴെ ഓപ്പണ്‍ ജിം, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ട് എന്നിവയാണ് സജ്ജീകരിക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ ഉപയോഗപ്രദമാക്കാവുന്ന ഓവര്‍ ബ്രിഡ്ജുകളുടെ പട്ടിക ശേഖരിച്ചു വരികയാണ്. 2024ല്‍ കേരളത്തില്‍ ഉടനീളം പദ്ധതി വ്യാപിപ്പിക്കുമെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

കോഴിക്കോട് ഫാറൂഖ് പഴയപാലവും ആലുവ മണപ്പുറത്തെ ഫുട്ഓവര്‍ ബ്രിഡ്ജുമാണ് ദീപാലംകൃതമാക്കുന്നതിനായി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഓഗസ്റ്റ് അവസാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പദ്ധതിരേഖ തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. ഈ രണ്ടു പദ്ധതികളും പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് നടപ്പിലാക്കുന്നതെന്നും കേരളത്തെ ഒരു ടൂറിസ്റ്റ് സംസ്ഥാനമാക്കി മാറ്റുന്നതിന് ഈ പദ്ധതികള്‍ കരുത്ത് പകരുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed