ഹോട്ടൽ മുറികൾക്ക് 50 ശതമാനം ഡിസ്‌കൗണ്ട്; വിനോദസഞ്ചാരികളെ തിരിച്ചുപിടിക്കാനൊരുങ്ങി ഹിമാചൽ


“ദേശീയപാതകൾ ഉൾപ്പടെ തുറന്ന സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ഹിമാചൽ ആരംഭിച്ചത്”
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നഷ്‌ടമായ വിനോദസഞ്ചാരികളെ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഹിമാചൽ പ്രദേശ്. ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എച്ച്‌പിടിഡിസി) ഹോട്ടൽ മുറികളുടെ വാടകയിൽ 50 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്‌പിടിഡിസിയുടെ കീഴിലുള്ള ഹോട്ടലുകളിലെ മുറി വാടക ഇളവ് സെപ്റ്റംബർ 15 വരെയുണ്ടാകുമെന്ന് കോർപ്പറേഷൻ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
വലിയ കിഴിവ് നൽകുന്നതിലൂടെ, സന്ദർശകരുടെ വരവ് വർധിപ്പിക്കാൻ എച്ച്‌പിടിഡിസി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജൂലൈ ഏഴിനും 14 നും ഇടയിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ എണ്ണം ഏതാണ്ട് പൂജ്യമായെന്ന് ടൂറിസം ഇൻഡസ്ട്രി സ്റ്റേക്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം കെ സേത്ത് പറഞ്ഞു. എന്നാൽ സ്ഥിതി അതിവേഗം മെച്ചപ്പെടുകയും റോഡുകൾ തുറക്കുകയും ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
എഴുപതിനായിരത്തിലധികം വിനോദ സഞ്ചാരികളെയാണ് മഴക്കെടുതി കാരണം ഹിമാചലില്‍ നിന്ന് ഒഴിപ്പിച്ചത്. ദേശീയപാതകൾ ഉൾപ്പടെ തുറന്ന സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ഹിമാചൽ ആരംഭിച്ചത്. മഴയ്ക്ക് പിന്നാലെ കുളു, മണാലി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടായിരുന്നു. കൃഷിയും വിനോദസഞ്ചാരവുമാണ് ഹിമാചലിന്റെ പ്രധാന വരുമാന മാർഗങ്ങൾ.