സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ ലീഗ് പങ്കെടുക്കില്ല; തീരുമാനം പാണക്കാട്ട് ചേർന്ന യോഗത്തിൽ


സിപിഎം നേതൃത്വം നൽകുന്ന ഏക സിവിൽ കോഡ് സെമിനാറിൽ നിന്ന് വിട്ടു നിൽക്കുവാൻ തീരുമാനിച്ച് മുസ്ലീം ലീഗ്. ഇന്ന് പാണക്കാട് ചേർന്ന യോഗത്തിലാണ് സിപിഎമ്മിന്റെ ക്ഷണം തള്ളിയ തീരുമാനം പ്രഖ്യാപിച്ചത്.
രാവിലെ 9.30 ന് പാണക്കാട് യോഗത്തിന് ശേഷമാണ് ലീഗ് തീരുമാനം പ്രഖ്യാപിച്ചത്. സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്തു. സിവിൽ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടർ നടപടികളും ചർച്ചയുടെ ഭാഗമായി.
സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. മുസ്‍ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.