NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യക്കാരൻ; ആസ്തി ഏഴരക്കോടി

1 min read

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. മുംബൈ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന ഭാരത് ജെയിന്‍ എന്നയാളാണ് ലോകത്തുതന്നെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഛത്രപതി ശിവാജി ടെര്‍മിനൽ, ആസാദ് മൈതാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാരത് ജെയിന്‍ ഭിക്ഷ യാചിക്കുന്നത്. ഇതിനോടകം 7.5 കോടി രൂപയാണ് ഇയാള്‍ ഭിക്ഷ യാചിച്ച് സമ്പാദിച്ചതെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ഭിക്ഷാടനത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 60,000 മുതല്‍ 75,000 രൂപ വരെയാണ്. മുംബൈയില്‍ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റ് ഭാരത് ജെയിന്റെ സ്വന്തം പേരിലുണ്ട്. മാത്രമല്ല താനെയില്‍ വാടകയ്ക്ക് നല്‍കുന്ന രണ്ട് കടമുറികളുമുണ്ട്. ഈ കടമുറികളുടെ വാടകയിനത്തില്‍ മാത്രം പ്രതിമാസം 30,000 രൂപ വരുമാനം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ കൈനിറയെ കോടികളുടെ സമ്പത്തുണ്ടായിട്ടും ഭാരത് ജെയിന്‍ ഇപ്പോഴും മുംബൈയിലെ തെരുവുകളില്‍ ഭിക്ഷാടനം തുടരുകയാണ്. 10-12 മണിക്കൂർ ഭിക്ഷ യാചിച്ചാൽ പ്രതിദിനം 2000-2500 രൂപ പിച്ചപ്പാത്രത്തിൽ വീഴും.

പരേലിലെ വസതിയിലാണ് ഭാരത് ജെയിനും കുടുംബവും താമസിക്കുന്നത്. കുട്ടികള്‍ കോണ്‍വെന്റ് സ്‌കൂളിലാണ് പഠിക്കുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ സ്റ്റേഷനറി സ്റ്റോര്‍ നടത്തുകയാണ്. മറ്റു വരുമാന മാര്‍ഗങ്ങളും ഇവര്‍ക്കുണ്ട്.

അതേസമയം ഭിക്ഷാടനം അവസാനിപ്പിക്കാന്‍ കുടുംബം ഭാരതിനോട് നിരന്തരം ഉപദേശിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിന് തയാറല്ല. തനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടാക്കിത്തന്ന ഭിക്ഷാടനം ഉപേക്ഷിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇയാള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നേടാനായില്ല. ഭാര്യയും രണ്ട് ആണ്‍മക്കളും സഹോദരനും പിതാവും അടങ്ങുന്നതാണ് കുടുംബം.

 

Leave a Reply

Your email address will not be published.