ഏക സിവിൽ കോഡ് സെമിനാർ: ‘സിപിഎം ക്ഷണം ലഭിച്ചു; പോകുന്നതിൽ ചർച്ച ചെയ്ത് തീരുമാനം’: മുസ്ലിം ലീഗ്
1 min read

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് നടത്തുന്ന സെമിനാറിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫിൽ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഏകസിവിൽ കോഡിലെ സിപിഎം നിലപാട് ആത്മാർത്ഥമാകണമെന്നും മറ്റ് അജണ്ടകൾ പാടില്ലെന്നും പിഎംഎ സലാം പറഞ്ഞു.
സിഎഎ-എൻആർസി പ്രക്ഷോഭകാലത്തിന് സമാനമായി ഏകസിവിൽ കോഡ് പ്രതിഷേധത്തിലും പൊലീസ് കേസെടുക്കുമോയെന്ന് ആശങ്കയുണ്ടെന്ന് പിഎംഎ സലാം പറഞ്ഞു. സിഎഎ സമരകാലത്ത് എടുത്ത കേസുകൾ പിൻവലിക്കുമെന്നാണ് തെരഞ്ഞെടുപ്പുകാലത്ത് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടര വർഷം കഴിഞ്ഞിട്ടും കേസുകൾ പിൻവലിച്ചിട്ടില്ല.
ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുത്തെന്ന് കരുതി ലീഗിന്റെയോ യുഡിഎഫിന്റെയോ അടിത്തറ ദുർബലപ്പെടുമെന്ന് കരുതുന്നില്ലെന്ന് കഴിഞ്ഞ ദിവസം സലാം വ്യക്തമാക്കിയിരുന്നു. വാളയാറിനപ്പുറം കോൺഗ്രസും സിപിഎമ്മും ലീഗുമെല്ലാം ഒന്നിച്ചാണ്. പൊതുകാര്യങ്ങളിൽ ആത്മാർത്ഥതയോടെ സമീപിക്കുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുസ്ലിം ലീഗിനെ കുടാതെ സമസ്ത നേതൃത്വത്തേയും സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിന് പരിപാടിയിലേക്ക് ക്ഷണമില്ല. ഏകസിവിൽ കോഡിൽ കോൺഗ്രസ് നിലപാടിന് വ്യക്തതയില്ലെന്നും അതിനാലാണ് അവരെ ക്ഷണിക്കാതിരുന്നതെന്നുമാണ് ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.