വയലിലെ കള പറിക്കുന്നതിനിടയിൽ തെങ്ങ് ദേഹത്ത് വീണു; പാലക്കാട് 55 കാരിക്ക് ദാരുണാന്ത്യം
1 min read
പ്രതീകാത്മക ചിത്രം

വടക്കഞ്ചേരിയിൽ പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയുടെ ദേഹത്തേക്ക് തെങ്ങ് കടപുഴകി വീണു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് തെങ്ങ് വീണ് മരിച്ചത്. തങ്കമണിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും പരുക്കേറ്റു.
വയലിൽ കള പറിക്കുന്നതിനിടെയിലാണ് തങ്കമണിയുടെ ദേഹത്തേക്ക് തെങ്ങ് പതിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. തങ്കമണിയടക്കം നാല് പേരാണ് വയലിൽ കളപറിക്കാനുണ്ടായിരുന്നത്. അപ്രതീക്ഷിതമായി തങ്കമണിയുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ തങ്കമണി മരണപ്പെട്ടു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
തങ്കമണിക്കൊപ്പമുണ്ടായിരുന്ന വെള്ളിച്ചിക്കാണ് പരിക്കേറ്റത്. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് രാവിലെ മുതൽ കനത്ത കാറ്റുണ്ട്. കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്. തെങ്ങ് കടപുഴകി വൈദ്യുത ലൈനിലേക്കും ശേഷം താഴേക്കും വീഴുകയായിരുന്നു. വൈദ്യുതി നിലച്ചതു മൂലം വൻ ദുരന്തം ഒഴിവായി.
കഴിഞ്ഞ ദിവസം കാസർഗോഡ് സ്കൂളിന് സമീപത്തെ മരം വീണ് വിദ്യാർത്ഥിനി മരിച്ചിരുന്നു. കാസര്‍കോട് പുത്തിഗെയില്‍ അംഗഡിമൊഗര്‍ ജി.എച്ച്.എസ്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. വൈകിട്ട് സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോള്‍ മരം കടപുഴകി മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുമുണ്ട്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ്.