ചികില്‍സയിലുള്ള പിതാവിനെ കാണാന്‍ മഅദനി കേരളത്തിലേക്ക്; തിങ്കളാഴ്ചയെത്തും, ജൂലൈ ഏഴിന് മടക്കം


ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തില്‍ തിരിക്കും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം ജൂലൈ ഏഴിന് മടങ്ങും ബെംഗളൂരുവിലേക്ക്. നേരത്തേ, കേരളത്തിലേക്കു പോകാൻ ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും ചെലവ് വഹിക്കാൻ കഴിയാത്തത്തിനെ തുടർന്നു യാത്ര വേണ്ടെന്നു വെച്ചിരുന്നു.
ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് താല്‍ക്കാലിക അനുമതി നല്‍കിയത്.
‘കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മഅദനി കേരളത്തിലേക്കു പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജൂലൈ 8 വരെ കേരളത്തിൽ തങ്ങാമെന്നും സുരക്ഷയ്ക്കുള്ള ചെലവു മഅദനി തന്നെ വഹിക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തു.
ഇതുപ്രകാരം സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പൊലീസ് നിർദ്ദേശിച്ചു. സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. കർണാടക സർക്കാരിന്റെ നടപടിയിൽ ഇടെപടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ കേരളത്തിലേക്കു വരുന്നില്ലെന്ന് മഅദനി അറിയിച്ചു. തുക വെട്ടിക്കുറയ്ക്കാനാവില്ലെന്നു കർണാടക പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.