പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറപ്പിക്കാന്‍ കേരളം; വിമാനകമ്പനികളുമായി ചര്‍ച്ച നടത്തും; നിര്‍ണായക നീക്കവുമായി പിണറായി സര്‍ക്കാര്‍


ഗള്‍ഫ് രാരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസിന് അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രവണ തടയാന്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വിമാന കമ്പനികള്‍ കഴുത്തറക്കുന്ന നിരക്കാണ് വാങ്ങിക്കുന്നത്. ഇതിനെ മറികടക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല അവലോകനയോഗം ചേര്‍ന്നത്.
ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തില്‍ ഇടപെടാനാകും എന്നതു സംബന്ധിച്ച് യോഗത്തില്‍ വിലയിരുത്തി. ഗള്‍ഫ് മേഖലയില്‍ നിന്നും നാട്ടിലേക്കു വരുന്ന സാധാരണക്കാരയ പ്രവാസികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിമാനടിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് അവലോകനയോഗം ചേര്‍ന്നത്.
ഇന്ത്യയില്‍ നിന്നുളള വിമാനകമ്പനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായി സിയാല്‍ എം.ഡി യേയും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമുളള കമ്പനികളുമായാണ് ചര്‍ച്ച. പ്രാഥമിക ചര്‍ച്ചകള്‍ക്കു ശേഷം അനുമതിക്കായി കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. വിമാനസര്‍വീസുകള്‍ക്കു പുറമേ കപ്പല്‍മാര്‍ഗമുളള യാത്രാസാധ്യതകള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി.
ഓണ്‍ലെനായി ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വന്ത് സിന്‍ഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സിയാല്‍ എം.ഡി. എസ്. സുഹാസ്, കിയാല്‍ എം.ഡി ദിനേഷ് കുമാര്‍, നോര്‍ക്ക റൂട്ട്‌സില്‍ നിന്നും റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി.കെ, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ പങ്കെടുത്തു.
അതേസമയം, പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കേരള യു.എ.ഇ സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോര്‍ഡിന്റെയും കപ്പല്‍ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.