NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൈക്കൂലി വാങ്ങിയതിന് പിടികൂടിയ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തുക കണ്ട്  അമ്പരന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍. 

പാലക്കാട് : 2500 കൈക്കൂലി വാങ്ങിയതിന്  പിടികൂടിയ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തുക കണ്ട് അമ്പരിന്നിരിക്കുകയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡില്‍ 1.5 കോടിയോളം രൂപയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കേരളത്തിലെ ഒരു റവന്യു ഉദ്യോഗസ്ഥനില്‍ നിന്ന് വിജിലന്‍സ് പിടികൂടിയതില്‍വെച്ച് ഏറ്റവും വലിയ തുകയാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചു.

 

മുറിയുടെ പലഭാഗങ്ങളിലായി കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമായി നിറച്ചുവെച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ സൂക്ഷിച്ചുവച്ചിരുന്നത്. മണിക്കൂറുകളെടുത്താണ് വിജിലന്‍സ് സംഘം ഈ നോട്ടുകള്‍ എണ്ണിത്തീര്‍ത്തത്. വൈകിട്ട് ആറരയ്ക്ക് തുടങ്ങിയ റെയ്ഡ് രാത്രി എട്ടര വരെ നീണ്ടു.

 

പൊടിയും മാറാലയും നിറഞ്ഞ നിലയിലായിരുന്നു പല കവറുകളും കണ്ടെത്തിയത്. പിടിച്ചെടുത്ത നോട്ടുകള്‍ക്ക്  അത്രത്തോളം പഴക്കമുണ്ട്.  ആദ്യം ചോദ്യം ചെയ്തപ്പോള്‍ ആറ് ലക്ഷം രൂപയുണ്ടെന്നാണ് സുരേഷ് കുമാര്‍ വിജിലന്‍സിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണവും സ്ഥിര നിക്ഷേപങ്ങളുടെ രേഖകളും പാസ് ബുക്കുകളും അടക്കം 1.5 കോടി രൂപ കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് മാത്രം 25 ലക്ഷം രൂപയും കണ്ടെടുത്തു.

 

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ് കുമാർ ഏതാണ്ട് 17 വർഷത്തോളമായി പാലക്കാട് മണ്ണാർകാട് കേന്ദ്രീകരിച്ചുള്ള വിവിധ വില്ലേജ് ഓഫിസുകളിലായി ജോലി ചെയ്തുവരികയായിരുന്നു. കേരളത്തിൽ തന്നെ ഒരു റവന്യൂ ഉദ്യോഗസ്ഥനില്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇതെന്നാണ് വിജിലൻസ് അറിയിക്കുന്നത്.

വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന മാത്രമാണ് നിലവില്‍ പൂർത്തിയാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ പരിശോധന ഉണ്ടാകുമെന്നും വിജിലൻസ് സംഘം അറിയിച്ചു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആവശ്യമാണ്. കണ്ടെടുത്ത തുകയെല്ലാം കൈക്കൂലിയായി സുരേഷ് കുമാറിന് കിട്ടിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ മറ്റ് ആരുടെയെങ്കിലും ബെനാമിയാണോ സുരേഷ് കുമാര്‍ എന്ന സാധ്യതയും അന്വേഷണ സംഘം പരിശോധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!