NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; വേദന കൊണ്ട് പുളഞ്ഞ് യുവാവ്; കൈ മരവിപ്പിച്ച് യന്ത്രം പൊളിച്ച് രക്ഷപ്പെടുത്തൽ

തേങ്ങ പൊതിക്കുന്ന യന്ത്രത്തിൽ യുവാവിന്റെ കൈ യന്ത്രത്തിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ കൈ പുറത്തേയ്ക്ക് എടുത്ത് യുവാവിനെ രക്ഷിച്ചു. മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടിൽ അബ്ദുൾ റൗഫിന്റെ (38) കൈയാണ് തേങ്ങ പൊതിക്കുന്നതിനിടെ അബദ്ധത്തിൽ യന്ത്രത്തിൽ കുടുങ്ങിയത്.

പാലക്കാട് അട്ടപ്പാടി ഭൂതിവഴിയിലെ വഴിയോരം റസ്റ്റോറന്റിന് സമീപത്തെ കൃഷിയിടത്തിൽ തേങ്ങ പൊതിക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.

സഹായിയോടൊപ്പം യന്ത്ര സഹായത്തോടെ തേങ്ങ പൊതിക്കുന്നതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തിൽ അകപ്പെട്ടത്. ഉടൻ തന്നെ സഹായി യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്തതു കൊണ്ട് വൻ അപകടം ഒഴിവായി. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. വലതു കൈയുടെ മുട്ടുവരെ യന്ത്രത്തിൽ കുടുങ്ങിയ നിലയിലായിരുന്നു. യന്ത്രം പൊളിച്ച് കൈ പുറത്തെടുക്കുക മാത്രമായിരുന്നു ഏകപോംവഴി. തുടർന്ന് മണ്ണാർക്കാട് ഫയർഫോഴ്‌സ് യൂണിറ്റിന്റെ സഹായം തേടി.

 

വേദന കൊണ്ട് പുളഞ്ഞ റൗഫിന് പ്രാഥമിക ശുശ്രൂഷ നൽകാനായി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെയും വിവേകാനന്ദ മിഷൻ ആശുപത്രിയിലെയും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. റൗഫിന്റെ കൈ മരവിപ്പിച്ച ശേഷമാണ് കൈ പുറത്തെടുത്തത്. ഏറെ നേരം പരിശ്രമിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ യന്ത്രം പൊളിച്ച് റൗഫിനെ രക്ഷപ്പെടുത്തി കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി.

 

വലതു കൈയുടെ വിരലുകൾക്കും കൈപ്പത്തിയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ കോട്ടത്തറ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശസ്ത്രക്രിയക്ക് ശേഷം രോഗിയെ നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!