ബലാത്സംഗക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
1 min read
പെരിന്തൽമണ്ണ: കുളിമുറിയിൽ തുണിയലക്കുകയായിരുന്ന യുവതിയെ ദേഹോപദ്രവമേൽപ്പിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 11 വർഷം കഠിനതടവിനും 70,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. മേലാറ്റൂർ പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതി പട്ടിക്കാട് പാറക്കത്തൊടി കൂറ്റമ്പാറ വീട്ടിൽ അബ്ദുൾ ഹമീദിനെ(39)യാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.
പരാതിക്കാരി കേസിന്റെ വിചാരണയ്ക്കിടെ തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. 2016-ലാണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് പോലീസ് ഇൻസ്പെക്ടറായിരുന്ന സി. യൂസഫാണ് കുറ്റപത്രം സമർപ്പിച്ചത്. 2017-ൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലയ്ക്കകത്തും പുറത്തും നിരവധി കളവു കേസുകളിലും ക്രിമിനൽകേസുകളിലും പ്രതിയായ ഇയാളെ 2022-ൽ പിടികൂടിയിരുന്നു.
തുടർന്ന് പോലീസിന്റെ അപേക്ഷപ്രകാരമാണ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെത്തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. പരാതിക്കാരി മരിച്ചതിനാൽ ഇവരുടെ കുട്ടികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. നിലവിൽ കോഴിക്കോട് ജയിലിലായിരുന്ന പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.