പരപ്പനങ്ങാടിയിൽ കാൽനട യാത്രക്കാർക്ക് കടന്നുപോകാൻ നിർത്തിയ സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്.


പരപ്പനങ്ങാടി: കാൽനട യാത്രക്കാർക്ക് കടന്നുപോകാൻ നിർത്തിയ സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് രണ്ട് പേർക്ക് പരുക്ക്. ബുധനാഴ്ച ഉച്ചക്ക് 2.30ന് പയനിങ്ങൽ ജങ്ഷനിലാണ് അപകടം.
മൂന്ന് കോളജ് വിദ്യാർഥിനികളടക്കം അഞ്ച് പേർ ഒരുമിച്ച് റോഡ് മുറിച്ചു കടക്കുന്നത് കണ്ട സ്‌കൂട്ടർ യാത്രക്കാരൻ ഇവർക്ക് കടന്നുപോകാനായി സ്‌കൂട്ടർ നിർത്തിയതായിരുന്നു. ഈ സമയം പിറകിൽവന്ന കാർ സ്‌കൂട്ടർ നിർത്തിയത് കണ്ടിട്ടും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിച്ചയുടനെ വിദ്യാർഥികൾ മൂന്ന് പേരും ഓടി. സ്‌കൂട്ടർ യാത്രക്കാരായ രണ്ട് പേരും മറ്റു രണ്ട് സ്ത്രീകളും റോഡിലേക്ക് തെറിച്ചു വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. ഈ സമയം ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയെന്നാണ് വിവരം.
തൊട്ടടുത്തെ കടയിലെ സി.സി.ടി.വി പരിശോധിച്ചെങ്കിലും കാറിന്റെ നമ്പർ ദൃശ്യത്തിൽ വ്യക്തമായി മനസിലാകാത്ത നിലയിലാണ്. പരുക്കേറ്റ രണ്ട് പേരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.