ചെട്ടിപ്പടിയിൽ മോഷ്ടാക്കൾ വിലസുന്നു; അടച്ചിട്ട വീട്ടിൽ വാതിൽ തകർത്തു മോഷണശ്രമം


പരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ അടച്ചിട്ട വീടിൻറെ മുൻവാതിൽ തകർത്തു മോഷണശ്രമം. മൊടുവിങ്ങലെ കൊണ്ടേരംപാട്ട് മലയംപറമ്പത്ത് വിനുവിൻറെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ മോഷണശ്രമം നടന്നത്. കുടുംബസമേതം വിദേശത്താണ് വീട്ടുകാർ. സമീപത്തെ സഹോദരൻറെ വീട്ടുകാർ രാവിലെ ഉണർന്നപ്പോഴാണ് തേക്കുകൊണ്ടുള്ള വാതിൽ തകർത്തതായി കാണപ്പെട്ടത്.
വീടിനകത്തെ അലമാരകളും ഷെൽഫുകളും മോഷ്ടാവ് തകർത്ത നിലയിലാണ്. വസ്ത്രങ്ങൾ വാരിവലിച്ചിട്ടിട്ടുണ്ട്. പിൻഭാഗത്തെ വാതിലടക്കം തകർക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. വീടിനടുത്ത ഫർണിച്ചർ പണിപ്പുരയിൽ നിന്നും ഉളിയും ചുറ്റികയും കമ്പിപ്പാരയും അടക്കമുള്ള സാധനങ്ങൾ എടുത്താണ് മോഷ്ടാക്കൾ വാതിൽ തകർത്തത്.
സമീപത്തായി ആശാരിപണിക്കു ഉപയോഗിച്ചിരുന്ന ഈ ഉപകരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരാതിയെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമാനരീതിയിൽ കഴിഞ്ഞ ആഴ്ചയിൽ നെടുവ ഹരിപുരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുന്നത്ത് ദാസൻ, രജനി അശോകൻ എന്നിവരുടെ വീടുകളിലെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തുകയറിയിരുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ മോഷ്ടാവിനെകണ്ടു ഒച്ചവെച്ചതോടെ ഓടി രക്ഷപ്പെട്ടു. നെടുവ, ചെട്ടിപ്പടി പ്രദേശങ്ങളിൽ മോഷ്ടാവ് വിലസുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.