NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശിവശങ്കർ വീണ്ടും അറസ്റ്റിൽ: പ്രതിയായത് ലൈഫ് മിഷൻ കേസിൽ

1 min read

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വീണ്ടും അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത ലൈഫ് മിഷൻ കേസിലാണ് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്.

ബുധനാഴ്ച സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.

ലൈഫ് മിഷൻ കേസിൽ തിങ്കളാഴ്ച ഒമ്പതുമണിക്കൂറാണ് ചോദ്യംചെയ്തത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടു. ഉച്ചയോടെയാണ് അറസ്റ്റുചെയ്യാമെന്ന തീരുമാനത്തിലേക്ക് ഇ.ഡി. എത്തിയത്. ലൈഫ് മിഷൻ കേസിൽ പ്രതിചേർത്തിട്ടുള്ള യൂണീടാക് ബിൽഡേഴ്‌സ് എം.ഡി. സന്തോഷ് ഈപ്പൻ, നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ മൊഴികളാണ് ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

കായിക-യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ വിരമിക്കുന്ന ജനുവരി 31-ന് ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. വിരമിക്കുന്ന ദിവസമായതിനാൽ മറ്റൊരുദിവസം അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ച് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.

ശിവശങ്കറിന്റെ വൈദ്യപരിശോധനയടക്കമുള്ള കാര്യങ്ങളിലേക്ക് ഇ.ഡി. ബുധനാഴ്ചയേ കടക്കു എന്നാണ് കരുതുന്നത്.

മൂന്നു കേസുകളിലായി 98 ദിവസം ജയിലിൽ കഴിഞ്ഞശേഷം കൃത്യം രണ്ടുവർഷം മുമ്പായിരുന്നു ശിവശങ്കർ ജയിൽമോചിതനായത്. സർവീസിൽനിന്ന്‌ വിരമിച്ച് 14 ദിവസം പൂർത്തിയാകുമ്പോഴാണ്, സർവീസിലിരിക്കെ ആദ്യമായി അറസ്റ്റുചെയ്ത ഇ.ഡി. തന്നെ നാലാമത്തെ കേസിൽ ഇപ്പോൾ അറസ്റ്റുചെയ്യുന്നത്.

സംസ്ഥാന സർക്കാരിന്റെ വടക്കാഞ്ചേരി ലൈഫ് മിഷൻ കെട്ടിടനിർമാണപദ്ധതിയുമായി ബന്ധപ്പെട്ട് കേസെടുത്ത് ഒരുവർഷം കഴിഞ്ഞശേഷമാണ് ഇ.ഡി. തുടർ ചോദ്യംചെയ്യലുകൾ കഴിഞ്ഞവർഷം ഡിസംബറിൽ തുടങ്ങിയത്. ലൈഫ് മിഷൻ പദ്ധതിയിൽ തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്കായി യു.എ.ഇ. റെഡ്ക്രസന്റ് വഴി ലഭിച്ച ഏഴേമുക്കാൽ കോടി രൂപയിൽ 3.80 കോടി രൂപ കോഴയായി നൽകിയിട്ടുണ്ടെന്ന് യൂണീടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യൻരൂപ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറുകളാക്കി മാറ്റി തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകിയെന്നായിരുന്നു മൊഴി.

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു ഇത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published.