താനൂരിൽ മയക്കുമരുന്നും മാരകായുധങ്ങളുമായി യുവാവ് പിടിയിൽ


താനൂർ : മയക്കുമരുന്നും മാരകായുധങ്ങളും പണവുമായി കണ്ണന്തളി ചെറിയേരി ജാഫറലിയെ (37) ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും താനൂർ പോലീസും ചേർന്ന് അറസ്റ്റ്ചെയ്തു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ റെയ്ഡ് നടത്തി പിടികൂടുകയായിരുന്നു.
ഓഫീസ് പോലെ പ്രവർത്തിച്ചിരുന്ന മുറിയിലാണ് പ്രതി കഴിഞ്ഞിരുന്നത്. ആയുധങ്ങളും പണവും ഇവിടെയായിരുന്നു.
കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഇയാളോട് അകലം പാലിച്ച് കഴിയുകയായിരുന്നു. 1.70 ഗ്രാം എം.ഡി.എം.എ, 76,000 രൂപ, കൊടുവാൾ നെഞ്ചക്, വിവിധ ആകൃതിയിലുള്ള ഏഴു കത്തികൾ , ഇരുമ്പ് പൈപ്പ്, എം.ഡി.എം.എ. അളന്നു നൽകുന്നതിനുള്ള മെത്ത്സ്കെയിൽ, വിതരണത്തിനുള്ള പാക്കിങ് കവറുകൾ, എയർ ഗൺ എന്നിവ പരിശോധനയിൽ കണ്ടെത്തി. വലിയ ശബ്ദത്തിൽ വെടിവെക്കാൻ കഴിയുന്ന എയർ ഗൺ അധികവും ഭീഷണിപ്പെടുത്താനാണ് ഉപയോഗിച്ചുവന്നിരുന്നത്.
പ്രതിയുടെ പേരിൽ 2021-ൽ ഹാഷിഷ് ഓയിലും ആയുധവും കൈവശം വെച്ചതിന് താനൂർ പോലീസിലും വനംവകുപ്പിലും കേസുകൾ നിലവിലുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
തിരൂരങ്ങാടി തഹസിൽദാർ സാദിഖിന്റെ സാന്നിധ്യത്തിൽ താനൂർ സബ് ഇൻസ്പെക്ടർ കൃഷ്ണലാൽ , ആർ.ഡി. സബ് ഇൻസ്പെക്ടർ പി.എം. ഷൈലേഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.