ചികിത്സാ സഹായം തേടി അയച്ച കത്തിന് മറുപടിയെത്തിയത് രോഗി മരിച്ച് മൂന്ന് വർഷം കഴിഞ്ഞ്


മലപ്പുറം: ചികിത്സാ സഹായത്തിനായി അയച്ച കത്തിന് മറുപടിയെത്തിയത് രോഗി മരിച്ച് മൂന്നു വർഷം കഴിഞ്ഞ്. പൊന്നാനി സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് മറുപടിയെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അപേക്ഷയിലാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് മറുപടി ലഭിച്ചത്.
അപേക്ഷയ്ക്കൊപ്പം നൽകേണ്ട ചില രേഖകൾ ഈ മാസം 4ന് മുൻപായി നൽകണമെന്നു കാണിച്ച് ഈഴുവത്തിരുത്തി വില്ലേജ് ഓഫീസിൽ നിന്നാണ് കത്ത് ലഭിച്ചത്. അർബുദ രോഗിയായിരുന്ന നാരായണൻ ചികിത്സാ സഹായത്തിനായി നേരിട്ട് നൽകിയ അപേക്ഷയ്ക്കാണ് ഇപ്പോൾ മറുപടി വന്നത്.
2019ൽ നാരായണൻ മരിച്ചിരുന്നു. കുടുംബം അപേക്ഷയുടെ കാര്യം തന്നെ മറന്നിരിക്കുമ്പോഴാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് വില്ലേജ് ഓഫിസിൽ നിന്ന് കത്തെത്തിയത്. നിശ്ചിത ഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ ഉടൻ നൽകണമെന്നും അല്ലെങ്കിൽ അപേക്ഷ അംഗീകരിക്കില്ലെന്നുമാണ് കത്തിൽ പറയുന്നത്.