കുളിക്കാനിറങ്ങിയവര്‍ ഒഴുക്കില്‍പ്പെട്ടു; രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പ്രതീകാത്മക ചിത്രം

കോട്ടയം പാദുവയില്‍ രണ്ടു ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്. കൊല്ലം ട്രാവന്‍കൂര്‍ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നു വൈകിട്ട് 5.30 നായിരുന്നു അപകടം.മീനച്ചിലാറിന്റെ കൈവഴിയായ പന്നകം തോട്ടില്‍ നാലംഗ സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് രണ്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്.
പ്രദേശത്തുള്ള സഹപാഠിയെ കാണാന്‍ എത്തിയതാണ് വിദ്യാര്‍ഥികള്‍. മറ്റൊരു അപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് സഹപാഠി. സഹപാഠിയെ കണ്ട് തിരിച്ചുപോകുന്നതിനിടെ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒഴുക്കിലും ചുഴിയിലും പെട്ടാണ് ഇരുവരും മുങ്ങിമരിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് വിദ്യാര്‍ഥികളെ പുറത്തേയ്ക്ക് എടുക്കുമ്പോള്‍ ഇരുവര്‍ക്കും ജീവന്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.