ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമം; കൊരട്ടിയിൽ രണ്ട് കൗമാരക്കാർ മരിച്ചു


തൃശൂര്‍: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം . കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. സ്റ്റോപ്പില്ലാത്ത കൊരട്ടിയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
കൊച്ചിയില്‍ നിന്ന് മടങ്ങവേ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. കൊരട്ടിയില്‍ എത്തിയപ്പോൾ ട്രെയിൻ വേഗത കുറച്ചിരുന്നു. ഈ സമയംചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊരട്ടിയില്‍ ഇറങ്ങേണ്ടിയിരുന്ന ഇരുവരും അവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് കയറിയത്.
ട്രാക്കിന് സമീപത്തായാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പോ ലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.