പിണങ്ങിപ്പോയ ഭാര്യയെ സംരക്ഷിച്ചതിന് ബന്ധുവിനെ കൊന്ന കേസിലെ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ


മലപ്പുറം ചങ്ങരംകുളത്ത് പിണങ്ങിപ്പോയ ഭാര്യയെ സംരക്ഷിച്ച ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി 10 വർഷത്തിന് ശേഷം പിടിയിൽ. വടക്കേക്കാട് സ്വദേശി എടക്കര വെട്ടിപ്പുഴ സുനീഷ് (42) ആണ് അറസ്റ്റിലായത്.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനീഷിന്റെ ബന്ധുവായ ആലംകോട് അവറാൻപടിയിലെ ജിഷ എന്ന യുവതിയെ വീട്ടിൽ കയറി കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
താനുമായി പിണങ്ങി വീടുവിട്ടിറങ്ങിയ ഭാര്യയെ കൂടെ നിർത്തിയതിലുള്ള വൈരാഗ്യം തീർക്കാനാണ് പ്രതി ജിഷയെ കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ ഇറങ്ങി പ്രതി വിചാരണ നേരിടാതെ വർഷങ്ങളായി പൊലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു.
കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.