കരിപ്പൂരിൽ വൻ സ്വർണവേട്ട; പൊലീസും കസ്റ്റംസും പിടികൂടിയത് 5 കിലോയിൽ അധികം സ്വർണം
1 min read

മലപ്പുറം: കരിപ്പൂരിൽ പോലീസും കസ്റ്റംസും സ്വന്തം നിലയിൽ പിടികൂടിയത് അഞ്ച് കിലോയിൽ അധികം സ്വർണം. പോലീസ് വയനാട് നടവയല്‍ സ്വദേശി അബ്ദുല്‍ മജീദിൽ നിന്നും (23 ) 1.011 കിലോഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വര്‍ണ്ണം ആണ് പിടിച്ചെടുത്തത്. മലദ്വാരത്തിൽ നാല് ക്യാപ്സൂളുകളുടെ രൂപത്തിൽ ആയിരുന്നു സ്വർണ്ണ മിശ്രിതം ഇയാൾ കടത്താൻ ശ്രമിച്ചത്. ആഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
വെള്ളിയാഴ്ച രാവിലെ 8.30 മണിക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്പ്രസ്സ് വിമാനത്തിലാണ് (IX 344) എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ മജീദിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. മജീദ് തന്നെ കൊണ്ട് പോവാന്‍ വന്ന ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മജീദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ മജീദ് വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് മജീദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സ്റേ പരിശോധനയില്‍ മജീദിന്റെ വയറിനകത്ത് സ്വര്‍ണ മിശ്രിതമടങ്ങിയ 4 കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.
സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് ആളുകള്‍ കാത്തുനില്‍ക്കുമെന്നായിരുന്നു മജീദിനെ ദുബായില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്.മജീദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 81-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
കസ്റ്റംസ് പിടികൂടിയത് മൂന്ന് കേസുകൾ- മൂന്ന് സ്വർണക്കടത്ത് ശ്രമങ്ങൾ ആണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. കോഴിക്കോട് കല്ലാച്ചി സ്വദേശി ഇസ്മയിൽ ആണ് കസ്റ്റംസ് പരിശോധനയിൽ പിടിയിലായ ഒരു പ്രതി. ദുബായിൽ നിന്നും വന്ന ഇയാള്‍ 765 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം മൂന്ന് ക്യാപ്സൂളുകളിലായി ബാഗിന് ഉള്ളിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കാർഡ് ബോർഡ് പെട്ടിയുടെ പാളികൾക്ക് ഉള്ളിൽ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം കടലാസു രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ഉള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെയും ചോക്കലേറ്റുകളുടേയും കൂടെ ആയിരുന്നു സ്വർണ മിശ്രിതം ഒളിപ്പിച്ച ഷീറ്റുകൾ ഉണ്ടായിരുന്നത്.
കാസർകോട് സ്വദേശി മഷൂക്ക് ആണ് വേറിട്ട രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണ മിശ്രിതത്തിന് 1922 ഗ്രാം തൂക്കം വരും. മൂന്നാമത്തെ കേസിൽ1822 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മിശ്രിതം പാക്കറ്റുകളിൽ ആക്കി ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.