NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹലാൽ ആട് കച്ചവടത്തിന്റെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്; പരാതിയുമായി പണം നിക്ഷേപിച്ചവരുടെ പ്രവാഹം

മലപ്പുറം: ഹലാൽ ആട് കച്ചവടം എന്ന പേരിൽ പദ്ധതി കൊണ്ടു വന്ന് കോടികൾ തട്ടിയെന്ന പരാതിയുമായി നിക്ഷേപകർ രംഗത്ത്. മുജാഹിദ് പണ്ഡിതൻ കെ.വി. അബ്ദുൽ ലത്തീഫ് മൗലവിയുടെ മകൻ സലീഖ്, എടവണ്ണ സ്വദേശി റിയാസ് ബാബു എന്നിവർക്കെതിരെയാണ് നിക്ഷേപകർ മലപ്പുറം പോലീസ് മേധാവിക്ക് പരാതി നൽകിയത്. കോഴിക്കോട് , മലപ്പുറം ജില്ലക്കാരാണ് പരാതിക്കാർ ഭൂരിഭാഗവും.

നടന്ന കാര്യങ്ങളെ പറ്റി നിക്ഷേപകർ പറയുന്നത് ഇങ്ങനെ, 2015 മുതൽ ഉണ്ടെങ്കിലും 2019 ഓടെയാണ് ഹലാൽ ആട് കച്ചവടം എന്ന സംരഭം സജീവമാകുന്നത്.  രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ആടുകളെ മൊത്തമായി കൊണ്ടുവന്ന് വില്പന നടത്തുകയാണ് പദ്ധതി. മത വിശ്വാസപ്രകാരം തികച്ചും ഹലാൽ ആയ നിക്ഷേപം ആണ് ഇതെന്ന് പറഞ്ഞായിരുന്നു പ്രചരണം. 5000 രൂപ ആണ് ഒരു ഷെയറിന്റെ വില. ഒരാൾക്ക് എത്ര ഷെയർ വേണമെങ്കിലും എടുക്കാം. ഷെയർ ഒന്നിന് ലാഭവിഹിതമായി മാസം 300 മുതൽ 500 രൂപ വരെ ലഭിക്കും. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കുകയും ചെയ്യാം.

അരീക്കോട് വേഴക്കോട് “ഹലാൽ ഗോട്ട് ഫാം ” എന്ന പേരിൽ ഫാമും ഇവർ തുടങ്ങിയിരുന്നു. മത വിശ്വാസത്തെ കൂട്ട് പിടിച്ചായിരുന്നു തട്ടിപ്പ് എന്ന് ഇവർ പറയുന്നു. സലീഖിന്റെ പിതാവ് പ്രമുഖനായ മത പണ്ഡിതനായതും വിശ്വാസികളായ നിക്ഷേപകരെ ഇതിലേക്ക് ആകർഷിച്ചു. “ഇത് ഹലാൽ ആയതാണെന്ന് പറഞ്ഞാണ് ഞങ്ങളെയെല്ലാം വിശ്വസിപ്പിച്ചത്. പിന്നെ ലത്തീഫ് മൗലവിയുടെ മകനും കൂടി ആയതോടെ ഞങ്ങളെല്ലാം ഇതിൽ ചേരുകയായിരുന്നു. ആദ്യമൊക്കെ ലാഭവിഹിതം എല്ലാം കിട്ടിയിരുന്നു. പക്ഷേ ഇപ്പോൾ രണ്ട് മൂന്ന് മാസമായി ഒന്നും ലഭിക്കുന്നില്ല”. ലക്ഷങ്ങൾ നിക്ഷേപിച്ചവർക്കെല്ലാം പറഞ്ഞ രീതിയിൽ ലാഭ വിഹിതം ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബർ വരെ. അതിനു ശേഷം ലാഭ വിഹിതവും ഇല്ല, നിക്ഷേപിച്ച പണവും ഇല്ല, നിക്ഷേപം സ്വീകരിച്ച ആളുകളെ പറ്റി ഒരു വിവരവും ഇല്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപക കൂട്ടായ്മ സംയുക്തമായി പോലീസിനെ സമീപിക്കുന്നത്.

“ഞങ്ങൾ 134 പേരുണ്ട് ഇവിടെ എസ്പിയെ കാണാൻ എത്തിയത്. ഇനിയും ആളുകളുണ്ട്. ഇവരിൽ പലരും വിവിധ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയിട്ടുണ്ട്. പക്ഷേ ഈ തട്ടിപ്പുകാർ മലപ്പുറം കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത് എന്നതു കൊണ്ടാണ് മലപ്പുറം എസ് പി യെ കാണുന്നത്. “നേരിട്ടും വാട്ട്സ്ആപ്പ് വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും ആയിരുന്നു പ്രചരണം. പണം നൽകിയതിന്റെ ബാങ്ക് രേഖകളും മുദ്രക്കടലാസും എല്ലാം ഇവരുടെ പക്കലുണ്ട്. ബാങ്കിൽ നിന്നും കോടികൾ പിൻവലിച്ച് ഇവർ നാട് വിട്ടു എന്നാണ് ഇപ്പോൾ നിക്ഷേപകർ കരുതുന്നത്

“രണ്ട് മൂന്ന് മാസമായി വിളിച്ചാലും കിട്ടുന്നില്ല, അന്വേഷിച്ചാലും അറിയാൻ ആകുന്നില്ല. ഞങ്ങൾക്ക് കഴിഞ്ഞ ദിവസം മറ്റേതോ രാജ്യത്തെ ഒരു നമ്പരിൽ നിന്ന് മെസ്സേജ് വന്നിരുന്നു. കൊണ്ടോട്ടിയിലെ ബാങ്കിൽ ആയിരുന്നു അവരുടെ നിക്ഷേപം എല്ലാം. കോടികൾ വരും. അതെല്ലാം പിൻവലിച്ച് അവർ ആഫ്രിക്കൻ രാജ്യത്തേക്ക് എവിടേക്കോ പോയിട്ടുണ്ട് എന്നാണ് ഇപ്പോൾ കരുതുന്നത്. ഇനി ഞങ്ങളുടെ പണം എങ്ങനെ കിട്ടും എന്നറിയില്ല”.

സലീഖിന്റേയും റിയാസ് ബാബുവിന്റേയും കുടുംബത്തെ സമീപിക്കുമ്പോൾ അവരും ഒഴിഞ്ഞു മാറുകയാണെന്നും ഇവർ പറയുന്നു. ” ലത്തീഫ് മൗലവി ആദ്യം പറഞ്ഞത് മകനുമായി ഒരു ബന്ധവും ഇപ്പോൾ ഇല്ല എന്നാണ്. 25 കൊല്ലമായി ബന്ധം ഇല്ലെന്ന് ഒരാളോട് പറഞ്ഞു. വേറെ ഒരാളോട് പറഞ്ഞത് 14 കൊല്ലമായി ബന്ധം ഇല്ലെന്നാണ്. ഓരോരുത്തരോട് ഓരോന്നാണ് പറയുന്നത്. സലീഖിന്റെ ഭാര്യ ആദ്യം കണ്ടപ്പോൾ പറഞ്ഞത് ഭർത്താവിനെ കാണാൻ ഇല്ല എന്ന് ആണ്. പോലീസിൽ പരാതി നൽകാൻ തയ്യാറാണെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് അങ്ങനെ കഴിയില്ലെന്നാണ്”.

140 ഓളം പേരാണ് മലപ്പുറം എസ് പിക്ക് മുൻപാകെ എത്തി പരാതി നൽകിയത്. ആയിരത്തിലേറെ പേർ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഇതിൽ ഏറെയും പേർ പ്രവാസികളാണെന്നും നിക്ഷേപക കൂട്ടായ്മ പറയുന്നു. ചികിത്സ , വിവാഹം പോലെയുള്ള കാര്യങ്ങൾക്ക് സ്വരുക്കൂട്ടിയ പണം ആണ് നഷ്ടമായത് എന്നതുകൊണ്ട് നിക്ഷേപകരിൽ മിക്കവരും ഇനി എന്തു ചെയ്യും എന്നറിയാതെ ധർമ സങ്കടത്തിലാണ്.

Leave a Reply

Your email address will not be published.