ഭാര്യയുടെ ആത്മഹത്യ; മലപ്പുറത്ത് എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ


മലപ്പുറം: ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ സിവിൽ എക്‌സൈസ് ഓഫീസർ ആയ അലക്സ് അലോഷ്യസാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശി ജിൻസി കഴിഞ്ഞ മാസം 15 നായിരുന്നു മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്.
മരിക്കും മുമ്പ് ഭർത്താവിനെ കുറ്റപ്പെടുത്തി ജിൻസി കുറിപ്പ് എഴുതി വെച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അലക്സ് അലോഷ്യസിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. അലക്സ് അലോഷ്യസ് ജിൻസിയോട് കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നു എന്നും പോലീസ് പറയുന്നു. ആത്മഹത്യപ്രേരണ, ഭാര്യയോട് ക്രൂരത കാണിച്ചു എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ജിൻസിയുടെ കുടുംബം സംഭവത്തിൽ നടപടി വേണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ജിൻസിയുടെ സ്വർണത്തിൽ ഭൂരിഭാഗവും അലക്സ് അലോഷ്യസ് വിൽക്കുകയോ പണയം വെക്കുകയോ ചെയ്തിട്ടുണ്ട് എന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. ഇരുവരും കൊല്ലം ചവറ സ്വദേശികൾ ആണ്. 2017 നവംബർ 1 നാണു അലക്സ് അലോഷ്യസ് സർവീസിൽ പ്രവേശിച്ചത്. റിമാൻഡിൽ ആയതോടെ ഇയാൾക്ക് എതിരെ വകുപ്പുതല നടപടികളും സ്വീകരിക്കും. അലക്സ് അലോഷ്യസിനെ സസ്പെൻഡ് ചെയ്യുമെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.