താഴ്ചയിലേക്കു മറിഞ്ഞ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു.


മലപ്പുറം ∙ അപകടത്തിൽപെട്ട് മറിഞ്ഞ കാറിനു തീപിടിച്ചു. മഞ്ചേരി – മലപ്പുറം റോഡിൽ മുണ്ടുപറമ്പ് കാട്ടുങ്ങൽ വളവിലാണ് കാർ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിയുകയും തുടർന്നു തീപിടിക്കുകയും ചെയ്തത്.യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.20ന് ആയിരുന്നു അപകടം. ഏറെ നേരം ഗതാഗതക്കുരുക്കും ഉണ്ടായി.
കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് സ്പാർക്ക് ഉണ്ടായതിനെത്തുടർന്നായിരുന്നു തീ പടർന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് 2 യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂർ, സേനാംഗങ്ങളായ യു.ഇസ്മായിൽ ഖാൻ, കെ.സിയാദ്, അബ്ദുൽ മുനീർ, ഫസലുല്ല, ടി.കെ.നിഷാന്ത്, കെ.അഫ്സൽ, വി.വിപിൻ, ഹോം ഗാർഡുമാരായ അശോക് കുമാർ, ടി.കൃഷ്ണകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.