മലപ്പുറത്ത് അധ്യാപികയുടെ ആത്മഹത്യ; അധ്യാപകൻ പ്രേരണാകുറ്റത്തിന് അറസ്റ്റില്‍


മലപ്പുറം: വേങ്ങര ഗേൾസ് സ്കൂളിലെ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ അധ്യാപകനെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഗേൾസ് സ്കൂളിലെ അധ്യാപികയായ ബൈജു കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ജീവനൊടുക്കിയത്. കേസിൽ സ്കൂളിലെ സഹപ്രവർത്തകനായ അധ്യാപകൻ കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേൾസ് സ്‌കൂൾ എസ് പി സി (സ്റ്റുഡന്റ്സ് കേഡറ്റ്സ് പൊലീസ്) ചുമതലയുള്ള അധ്യാപകനാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റിലായ രാംദാസ്.
ഇക്കഴിഞ്ഞ സെപ്തംബർ 17നാണ് 46 കാരിയായ ബൈജു ടീച്ചറെ കണ്ണമംഗലം എടക്കാപറമ്പിലുള്ള വീട്ടിലെ താഴത്തെ ബെഡ്റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ ആത്മഹത്യ എന്ന് കണക്കാക്കിയ കേസാണ് പോലീസ് അന്വേഷണത്തിന് ഒടുവിൽ ആത്മഹത്യ പ്രേരണാകുറ്റത്തിൽ എത്തിയത്. വേങ്ങര പോലീസ് നടത്തിയ അന്വേഷണത്തിൽ സാക്ഷിമൊഴികളുടെയും, ബൈജു ടീച്ചറുടെ ഡയറിക്കുറിപ്പുകളും മൊബൈൽ ഫോണും പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ ആണ് നടപടി.
രാംദാസ് കാരണം ഉണ്ടായ മാനസിക സമ്മർദ്ദം കാരണം ആണ് ടീച്ചർ ജീവനൊടുക്കിയത് എന്ന് പോലീസ് കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ഇയാളെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.