‘എന്റെ ഉസ്താദിന് ഒരു വീട്’ ഭവനപദ്ധതിയിൽ വീട് നൽകാമെന്ന് പറഞ്ഞ് ഒരു കോടിയിലേറെ തട്ടിയ സംഘം പിടിയിൽ
1 min read

മലപ്പുറം: ഭവനനിർമാണ പദ്ധതിയുടെ പേരിൽ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്ത സംഘം മലപ്പുറം മഞ്ചേരിയിൽ പൊലീസ് പിടിയിൽ. ‘എൻ്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി’ എന്ന പേരിലാണ് സംഘം നാട്ടുകാരിൽ നിന്ന് പണം പിരിച്ചെടുത്തത്. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി ഹുസൈൻ ടി കെ, പാലക്കാട് അലനല്ലൂർ സ്വദേശി ഷൗക്കത്തലി സി എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- മഞ്ചേരി മുട്ടിപ്പാലത്ത് അനധികൃത പണം ഇടപാട് നടക്കുന്നുണ്ട് എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രി മഞ്ചേരി സി ഐ റിയാസ് ചാക്കീരിയും സംഘവും സ്ഥലത്ത് പരിശോധന നടത്താൻ എത്തി. റൂമിന്റെ പുറത്ത് DIVINE HAND CHARITABLE TRUST(DHCT) എന്ന പേരിൽ “എന്റെ ഉസ്താദിന് ഒരു വീട് ഭവന നിർമ്മാണ പദ്ധതി ” എന്ന ഒരു ബാനർ കെട്ടിവെച്ചിരുന്നു. റൂമിൽ അഞ്ച് പേര് ചേർന്ന് പണം എണ്ണുകയായിരുന്നു.കറൻസികൾ യന്ത്ര സഹായത്താൽ ആയിരുന്നു എണ്ണിത്തിട്ടപ്പെടുതിയിരുന്നത്. പോലീസിനെ കണ്ടതോടെ ഒരാൾ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മറ്റ് 4 പേരെ പോലീസ് പിടികൂടി. 58.5 ലക്ഷം രൂപയും പോലീസ് ഇവിടെനിന്നും കണ്ടെടുത്തു.
റൂമിൽ നിന്നും 6 മൊബൈൽ ഫോണുകൾ, ഇലട്രോണിക് നോട്ടെണ്ണൽ യന്ത്രം, നിരവധി റസീപ്റ്റ് ബുക്കുകൾ, എഗ്രിമെന്റ് പേപ്പറുകൾ, ഉടമ്പടി കരാർ രേഖകൾ എന്നിവയും പിടികൂടിയിട്ടുണ്ട്. പ്രതികൾ വ്യാജ വാഗ്‌ദാനം നൽകി ആളുകളിൽനിന്നും ഫണ്ട് സ്വരൂപിച്ചു കൊണ്ട് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് എന്ന് പോലീസ് പറയുന്നു. മഞ്ചേരി പോലീസ് Banning of Unreguletted Deposit Scheams Act – 2019 പ്രകാരം ഇവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.
പത്രമാധ്യമങ്ങൾ വഴിയും മറ്റും പരസ്യം ചെയ്ത് ആളുകളെ വരുത്തി സംഭാവനകൾ കൂപ്പൺ വഴിയും മുദ്ര പേപ്പർ വഴിയും ആണ് പണം ശേഖരിച്ചിട്ടുള്ളത്. ഒരു ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ആണ് ആളുകളിൽ നിന്നും ഇവർ ശേഖരിക്കുന്നത്. 2 ലക്ഷം തന്നവർക്ക് 4 മാസത്തിനു ശേഷം 8 ലക്ഷത്തിന്റ വീട് വെച്ച് നൽകുമെന്ന് പറഞ്ഞാണ് പണം ശേഖരിച്ചിട്ടുള്ളത് എന്നും പോലീസ് വ്യക്തമാക്കി. പണം നൽകിയ ആരും തന്നെ പരാതിയുമായി വന്നിട്ടില്ല എന്നും പോലീസ് പറഞ്ഞു. പണം നൽകിയ ചില ആളുകൾക്ക് ഇവർ വീടുകൾവച്ച് നൽകിയിട്ടുണ്ട് എന്നാണ് വിവരം. അവർ വഴിയുള്ള മൗത്ത് പബ്ലിസിറ്റിയിലൂടെ ആകൃഷ്ടരായി ആണ് കൂടുതൽ ആളുകൾ പണം ഡെപ്പോസിറ്റ് ചെയ്യാൻ എത്തുന്നത്. പോലീസ് പരിശോധന നടക്കുന്ന സമയത്തും ഒന്നുരണ്ട് പേർ പണം ഡെപ്പോസിറ്റ് ചെയ്യാൻ വന്നിരുന്നു. ചിലരോട് 2-ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താൽ 4-മാസത്തിന് ശേഷം 8-ലക്ഷം രൂപ റൊക്കം പണമായി നൽകാം എന്ന് ആണ് വാഗ്ദാനം നൽകിയിരുന്നത് എന്നും പോലീസ് പറഞ്ഞു.
തട്ടിപ്പ് സംഘം 3 ദിവസങ്ങൾക്കുള്ളിൽ ഏകദേശം 93 പേരിൽനിന്നായി 1,18,58,000 രൂപ പിരിച്ചെടുത്തതായി പോലീസ് കണക്കാക്കുന്നു. 20ന് 37 ആളുകളിൽ നിന്നായി 24,60,000 രൂപയും 21ാം തീയതി 22 ആളുകളിൽ നിന്ന് 35,48,000രൂപയും 22 ന് 34 ആളുകളിൽ നിന്നായി 58, 50,000 രൂപയും അടക്കം (മൊത്തം 1,18,58,000 രൂപ) മൂന്ന് ദിവസങ്ങളിലായി കൈപ്പറ്റി എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഇതിന് പുറമെ കഴിഞ്ഞ ദിവസം പരിശോധിച്ച സമയത്ത് പിടിച്ചെടുത്ത 58,50,000 രൂപ പിരിച്ചതിന്റെ രേഖകളും വ്യക്തി വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡെപ്പോസിറ്റ് ആയി സ്വീകരിച്ച പണത്തിൽ 30ലക്ഷത്തിൽ പരം രൂപ രണ്ടാം പ്രതിയായ മുഹമ്മദ് അബ്ദുൽ ജബ്ബാറിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. പുലർച്ചെ പെരിന്തൽമണ്ണ പോലീസിന്റെ സഹായത്തോടെ ആണ് ഇയാളുടെ വീട്ടിൽ നിന്നും 30,70, 000 രൂപ കണ്ടെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.