സൈക്കിൾ തടഞ്ഞ് പതിമൂന്നുകാരനെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ


തിരുവനന്തപുരം: പതിമൂന്നുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. വെട്ടൂർ സ്വദേശി അഭിലാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെ 10.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി വീട്ടിൽ നിന്ന് സൈക്കിളിൽ പോയ വിദ്യാർത്ഥിയെ തിരിച്ചു വരുന്ന ഇടവഴിയിൽ സൈക്കിൾ തടഞ്ഞു നിർത്തിയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.
ഭയന്ന് നിലവിളിച്ച കുട്ടിയെ ബഹളമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗിക ഉപദ്രവം തുടർന്നത്. തിരികെ വീട്ടിലെത്തിയ കുട്ടി പേടിച്ചു വിറച്ചുകൊണ്ടാണ് മാതാപിതാക്കളോട് ഇക്കാര്യം പറയുന്നത്. മരം മുറിപ്പ് ജോലിക്കാരനായ അഭിലാഷ് ഇതിന് മുൻപും വിദ്യാർത്ഥിക്ക് 8 വയസ്സ് പ്രായം ഉള്ളപ്പോൾ, കുട്ടിയുടെ വീട്ടിൽ മരം മുറിക്കാൻ എത്തിയ സമയവും ഇതുപോലെ ഉപദ്രവിച്ചിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.
മാതാപിതാക്കൾ നൽകിയ പരാതിയിൽ, പോക്സോ വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ നടപടിക്രമങ്ങൾ പുർത്തയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.