വള്ളിക്കുന്നിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം: സ്വർണവും പണവും കവർന്നു.

പ്രതീകാത്മക ചിത്രം

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ പട്ടാപ്പകല്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണവും 4000 രൂപയും കവര്‍ന്നു. അത്താണിക്കല്‍ പാറക്കണ്ണിക്ക് സമീപം അരുണ്‍കുമാര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഡ്രൈവറായ അരുണ്‍കുമാർ ജോലിക്കും ഭാര്യ സ്വന്തം വീട്ടിലും പോയതായിരുന്നു.
വൈകീട്ട് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് പിറകിലെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അലമാരയില്‍ സൂക്ഷിച്ച സ്വർണമാല, കമ്മലുകള്‍, കൈചെയിന്‍ എന്നിവ ഉള്‍പ്പെടെയാണ് കവര്‍ന്നത്.
പരപ്പനങ്ങാടി പോലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് അത്താണിക്കല്‍ ചോപ്പന്‍ കാവിന് സമീപവും വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടന്നിരുന്നു.