NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മോഷണം പോയ ഫോൺ കണ്ടെത്താൻ പൊലീസിന് സാങ്കേതികതടസം; അഞ്ചു ചെറുപ്പക്കാർ സ്വന്തനിലയില്‍ കണ്ടെത്തിയത് ഏഴു ഫോണുകൾ

കോട്ടയം: മുപ്പതിനായിരം രൂപയുടെ ഫോൺ മോഷണം പോയപ്പോൾ പൊലീസിൽ പരാതി നൽകിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ഒരു സംഘം യുവാക്കള്‍ തുനിഞ്ഞിറങ്ങി. സൈബർ സെല്ലിന്റെയും പോലീസിന്റെയും പണി സ്വയംചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അവർ ഫോൺ കണ്ടെത്തി. നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ്, നെവിൻ ടി. സക്കറിയ, അഖിൽ ജോർജ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ കണ്ടെത്തിയത്.

പനയക്കഴിപ്പ് തലവന്നാട്ടില്ലത്തുനിന്നാണ് വ്യാഴാഴ്ച ഫോൺ മോഷണംപോയത്. ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന യുവാവ് വെള്ളം ചോദിച്ചെത്തി. വെള്ളം എടുക്കാൻ പോയ തക്കത്തിന് ഫോണുമായി ഇയാൾ ഓടിമറഞ്ഞു. തുടർന്ന് ഫോണ്‍ മോഷണം പോയത് പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാല്‍ നെറ്റ് കണക്‌ഷൻ ഓഫ് ചെയ്തിരിക്കുന്നതിനാൽ ഫോൺ കണ്ടെത്താൻ കഴിയുന്നില്ലെന്നു പറഞ്ഞ​ സൈബർ സെൽ ഉദ്യോഗസ്ഥർ മടക്കി.

പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസ്സിലാക്കിയതോടെ യുവാക്കൾ സ്വന്തം നിലയിൽ ഫോൺ‌ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. നഷ്ടപ്പെട്ട ഫോണിലേക്കു ഗോവിന്ദ് തുടർച്ചയായി വിളിച്ചു. വൈകുന്നേരത്തോടെ മോഷ്ടാവ് ഫോൺ ഓൺ ചെയ്തതായി മനസ്സിലായി. തുടർന്ന് ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ഉപയോഗിച്ച് ഫോണിന്റെ ലോക്കേഷൻ കണ്ടെത്തി.

കുറിച്ചിയിൽ ഫോൺ ഉണ്ടെന്ന് സമനസ്സിലായതോടെ സൈബർ സെല്ലിനെ വിവരം അറിയിച്ചു. എന്നാൽ നിങ്ങൾ തന്നെ അന്വേഷിക്കൂ എന്നായിരുന്നു യുവാക്കൾക്ക് ലഭിച്ച പ്രതികരണം. തുടർന്ന് ഗോവിന്ദും സുഹൃത്തുക്കളും കൂടി കുറിച്ചിയിൽ ഫോൺ ഇരിക്കുന്ന സ്ഥലത്തെത്തി. ഫൈൻഡ് മൈ ഡിവൈസിൽ പ്ലേ സൗണ്ട് എന്ന ഓപ്ഷനിലൂടെ ഫോണിലെ അലാറം അടിപ്പിച്ചു.

ഗോഡൗണുകൾക്കു സമീപം കാട്ടിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോൺ വച്ചിരുന്നത്. ചിങ്ങവനം പൊലീസിനെ വിവരമറിയിച്ചു. ഉടനെത്തുമെന്ന് അറിയിച്ചെങ്കിലും പൊലീസ് വന്നില്ല. ഒടുവിൽ നാട്ടുകാരെയും കൂട്ടി കാട്ടിൽ തിരഞ്ഞപ്പോൾ കിട്ടിയത് തന്റേതടക്കം 7 ഫോൺ. തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി. ആറു ഫോണുകൾ പൊലീസിന് കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published.