വള്ളിക്കുന്നിൽ റെയിലോരങ്ങളിൽ പുൽക്കാടുകൾ നശിപ്പിക്കാൻ വീണ്ടും മാരക കളനാശിനി പ്രയോഗിക്കുന്നതായി പരാതി.


വള്ളിക്കുന്ന്: റെയിലോരങ്ങളിൽ പുൽക്കാടുകൾ നശിപ്പിക്കാൻ മാരക കളനാശിനി പ്രയോഗിക്കുന്നതായി പരാതി. ആനങ്ങാടി റെയിൽവേ ഗേറ്റിന് തെക്കുഭാഗത്ത് കളത്തിൽ പീടികയ്ക്ക് സമീപത്താണ് റെയിൽവേയുടെ വൈദ്യുതി കാലുകൾക്ക് താഴെയുള്ള പുല്ലും കുറ്റിച്ചെടികളും മാരക കളനാശിനി ഉപയോഗിച്ച് മീറ്ററുകൾ ചുറ്റളവിൽ കരിച്ചതായി കാണപ്പെട്ടത്.
പുല്ലും കുറ്റിച്ചെടികളും വെട്ടിവൃത്തിയാക്കാൻ പുറമെ കരാർ കൊടുത്തതാണെന്നും കരാറുകാരൻ ചെയ്തതതാണിതെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്. റൗണ്ട് അപ്പ് എന്ന അതിമാരക വിഷ ലായനിയാണ് ഇവർ ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
തുടർച്ചയായി മൂന്നോ നാലോ തവണ ഉപയോഗിച്ചാൽ ആ സ്ഥലത്ത് ഒരു ജീവാണു പോലും അവശേഷിക്കില്ല. വർഷങ്ങളോളം ഭൂമിയിൽ നിലനിൽക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എൻഡോസൾഫാൻ ദുരിതത്തിന് സമാനമാനിത്.
13 വർഷങ്ങൾക്ക് മുമ്പ് ഇതേ പ്രദേശങ്ങളിൽ കളനാശിനി പ്രയോഗംമൂലം റെയില് കടന്ന് നഴ്സറിയിൽ പോകുന്ന കുട്ടികൾക്ക് ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. തുടർന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജമീല, ഏകശബ്ദം പ്രതികരണ വേദി ചെയർമാൻ പുരുഷോത്തമനും ചേർന്നാണ് ഇത് നേരിട്ട് തടഞ്ഞത്.
പിന്നീട് വള്ളിക്കുന്ന് ഭാഗങ്ങളിൽ രാത്രികാലത്ത് കളനാശിനി ഉപയോഗിക്കാനുള്ള റെയിൽവേയുടെ ശ്രമം വ്യത്യസ്ത ഗ്രൂപ്പുകൾ ഉണ്ടാക്കി തടസ്സപെടുത്തി. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യു. കലാനാഥൻ ജനറൽ കൺവീനറായി ഒരു പരിസ്ഥിതി സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആനങ്ങാടി റെയിൽവേ ഗേറ്റ്, വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരം തുടങ്ങി നിരവധി സ്ഥലങ്ങളിൽ പ്രതിഷേധ പൊതുയോഗങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തി.
ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ പാലക്കാട് ഡിവിഷനിൽ ഈ വിഷപ്രയോഗം വേണ്ടെന്ന് ഡി.ആർ.എം തീരുമാനിച്ചതായി റെയിൽവേ ഇന്റലിജൻസ് നേരിട്ട് അറിയിച്ചിരുന്നതാണ്. റെയിൽവേയുടെ ഈ അതിമാരകമായ വിഷപ്രയോഗം നിർത്തലാക്കാൻ അടിയന്തര നടപടിവേണമെന്ന് ഏകശബ്ദം പ്രതികരണവേദി ചെയർമാൻ എം.പി. പുരുഷോത്തമൻ ആവശ്യപ്പെട്ടു.