മലപ്പുറം പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ബസിനെ ചാടിയിടിച്ച യുവാവിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു


മലപ്പുറം: ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ പരാക്രമം. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് പരാക്രമം നടത്തിയത്. സംഭവത്തില്‍ ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം.
ബസിനു മുന്നില്‍ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നും പരാക്രമം കാട്ടിയത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്നു ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചുവീഴുകയും ചെയ്തു. ബസിന്റെ ചില്ല് പൂർണമായി തകരുകയും ചെയ്തു.
അല്പനേരം റോഡിലിരുന്ന ശേഷം ഇയാള്‍ ബസിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന് കാലുകൾ സ്റ്റിയറിങ്ങിലേക്ക് കയറ്റിവെച്ചിരുന്നും പരാക്രമം തുടർന്നു.മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചയാളെ പൊലീസ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് മാതാപിതാക്കളെത്തി കോഴിക്കോട്ടെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റി. നെയ്മറുടെ കടുത്ത ആരാധകനാണന്നും ബസിന് അർജന്റീനയുടെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണന്നുമാണ് സംഭവസ്ഥലത്ത് കൂടിയവരോട് യുവാവ് പറഞ്ഞത്.