ലഹരിക്ക് എതിരായ മനുഷ്യ ശൃംഖലക്കരികിൽ കഞ്ചാവ് വിൽപന ; മലപ്പുറം വണ്ടൂരിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റയാൾ പിടിയിൽ


മലപ്പുറം: ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ സജീവമാകുമ്പോഴും ഇവയുടെ വില്പന തകൃതിയായി തന്നെ നടക്കുന്നുണ്ട്. മലപ്പുറം വണ്ടൂരിൽവിദ്യാർത്ഥികൾക്ക് കഞ്ചാവു വിൽപ്പന നടത്തിയ ആളെ പോലീസ് പിടികൂടി.
എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്ത ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വണ്ടൂർ വി.എം.സി ഹൈസ്ക്കൂളിന് മുന്നിൽ വച്ചാണ് വണ്ടൂരിൽ ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല എം എൽ എ ഉദ്ഘാടനം ചെയ്തത്. ഇതേ സമയത്താണ് സ്കൂളിന് ചേർന്നുള്ള റോഡരികിൽ വച്ച് നടുവത്ത് സ്വദേശി കുമ്മാളി അഭിലാഷ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലിസ് കണ്ടത് കുട്ടികൾക്ക് കഞ്ചാവു പൊതികൾ വിൽപ്പന നടത്തുന്ന അഭിലാഷിനെയാണ്. പോലീസിനെ കണ്ടതും, കഞ്ചാവ് പൊതികൾ വലിച്ചെറിഞ്ഞ് അഭിലാഷ് ഓടി. തുടർന്ന് പോലീസ് ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
ഇയാളുടെ പക്കലിൽ നിന്ന് ചെറിയ ആറോളം കഞ്ചാവ് പൊതികളും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.