ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു; അപകടം മതിലിടിഞ്ഞ് റോഡിൽ വീണ കല്ലിൽ തട്ടി


കോട്ടയം: ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് കുട്ടി മരിച്ചു. കാഞ്ഞിരപ്പള്ളി തുമ്പമട മുണ്ടയ്ക്കൽ മനോജിന്റെ മകൾ നിരഞ്ജന (10)യാണ് മരിച്ചത്. ബന്ധു വീട്ടിൽ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി 9.45 ഓടെ കാഞ്ഞിരപ്പള്ളി പാലാ റോഡിൽ മൃഗാശുപത്രിക്ക് അടുത്താണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന ഗുഡ്സ് ഓട്ടോ മഴയത്ത് റോഡിലേക്ക് തകര്‍ന്നു വീണ മതിലിന്റെ കല്ലിൽ തട്ടിയാണ് മറിഞ്ഞത്.
റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണത് മഴയും ഇരുട്ടും കാരണം കാണാൻ പറ്റാതെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. റോഡിൽ തലയടിച്ച് വീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വാഹനമോടിച്ചിരുന്ന മനോജിനും ഭാര്യയ്ക്കും ഇളയകുട്ടിക്കും പരിക്കുകളൊന്നുമില്ല. എലിക്കുളം എംജിഎംയുപിഎസ് വിദ്യാർത്ഥിനിയാണ് നിരഞ്ജന