NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെരിന്തല്‍മണ്ണയില്‍ വീണ്ടും വൻ എംഡിഎംഎ വേട്ട ; 200 ഗ്രാം എംഡിഎംഎ യുമായി കല്ലടിക്കോട് സ്വദേശി പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. പെരിന്തല്‍മണ്ണ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ചേതന റോഡിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച 200 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി കല്ലടിക്കോട് സ്വദേശിയായ റാംജിത്ത് മുരളി (26) ആണ് പിടിയിലായത്. മലപ്പുറം ജില്ലയില്‍ ബെംഗളൂരുവില്‍ നിന്നും ചെന്നൈയിൽ നിന്നും മറ്റും എംഡിഎംഎ വ്യാപകമായി വിൽപന നടത്തുന്ന മൊത്ത വിതരണക്കാരെ കുറിച്ചു പോലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിരുന്നു.

ജില്ലാപോലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസിന് കിട്ടിയ രഹസ്യ വിവര പ്രകാരം പെരിന്തൽമണ്ണ ഡി വൈ എസ് പി സന്തോഷ് കുമാറിൻ്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ നടപടികളാണ് അറസ്റ്റിലേക്ക് നയിച്ചത്. ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ മയക്കുമരുന്ന് വാങ്ങി കേരളത്തിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക് വിൽക്കുന്നയാളാണ് രാംജിത് മുരളി.കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ 260 ഗ്രാം എംഡിഎം എ യും 155 കിലോഗ്രാം കഞ്ചാവും അടക്കം കോടികണക്കിന് രൂപയുടെ ലഹരി മരുന്ന് വേട്ടയാണ് നടന്നത്.

തുടർന്നും ലഹരി ഉത്പന്നങ്ങൾ വാങ്ങുന്നവർക്കേതിരെയും വിൽക്കുന്നവര്‍ക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ സിഐ അലവി .സി അറിയിച്ചു. എസ് ഐ യാസിർ, എ.എസ്.ഐ ബൈജു,എ എസ് ഐ അനിത , എസ് പി സി ഒ ഉല്ലാസ് കെ.എസ്, സി പി ഒ മാരായ ഷജീർ , അജിത്കുമാർ , ഷാലു, സൽമാൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യസൂത്രധാരനെയും പിടി കൂടിയിരുന്നു. മലപ്പുറം ജില്ലയിലെ മൊറയൂർ സ്വദേശി മുഹമ്മദ് അനസ് (33) നെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ടൗണിന് സമീപം കാറിൽ വിൽപ്പനയ്ക്കായെത്തിച്ച 35 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശികളെ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയാണ് മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ അത്തിക്കച്ചാലിൽ മുഹമ്മദ് അനസ്.

രണ്ടാഴ്ച മുമ്പാണ് ജില്ലയിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിൽപെട്ട കൊണ്ടോട്ടി സ്വദേശികളായ നൗഫൽ, മൻസൂർ എന്നിവരെ പെരിന്തൽമണ്ണ ടൗണിൽ വച്ച് 35 ഗ്രാം എംഡിഎംഎ സഹിതം പെരിന്തൽമണ്ണ ഇൻസ്പെക്ടർസി.അലവി, എസ്.ഐ എ.എം മുഹമ്മദ് യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തു . മുഹമ്മദ് അനസാണ് കേരളത്തിലേക്ക് എംഡിഎംഎ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന മുഖ്യസൂത്രധാരനെന്നും പല തവണ ബാംഗ്ലൂരിൽ പോയി എംഡിഎംഎ നാട്ടിലെത്തിച്ച് ചില്ലറ വിൽപ്പനയ്ക്കായി നൗഫലിനും മൻസൂറിനും കമ്മീഷൻ വ്യവസ്ഥയിൽ കൈമാറുകയാണ് ചെയ്യാറുള്ളതെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതി മുഹമ്മദ് അനസിനെ മൊറയൂരിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കേസുകളിൽ സംഘത്തിലെ എല്ലാ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് സൂചനലഭിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.