NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാറശ്ശാലയിലെ യുവാവിന്റെ മരണം: ദുരൂഹത കൂട്ടി രക്തപരിശോധനാഫലം

പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. ഈ മാസം 14ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ല. വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോണ്‍ മരിച്ചത്. ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

സംഭവത്തില്‍ ഷാരോണിന്‍റെ കാമുകിയായ പെണ്‍കുട്ടി ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നു. ഷാരോണിനെ താന്‍ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊന്നെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു. ആരോപണങ്ങള്‍ പറയാനുള്ളവര്‍ പറഞ്ഞോട്ടേ. താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കറിയാമെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

അതേസമയം, ഷാരോണ്‍ അന്ധവിശ്വാസത്തിന്റെ ഇരയെന്ന് സൂചനയുണ്ട്. ജ്യുസ് നല്‍കിയെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയെ ഷാരോണ്‍ നേരത്തെ വിവാഹം കഴിച്ചതായി ഇയാളുടെ വീട്ടുകാര്‍ പറയുന്നു. ഈ മാസം പതിനാലിനാണ് ഷാരോണ്‍ ഒരു സുഹൃത്തുമൊത്ത് പെണ്‍കുട്ടിയെ കാണാന്‍ അവരുടെ വീട്ടിലെത്തിയത്.

സുഹൃത്തിനെ പുറത്ത് നിര്‍ത്തി ഷാരോണ്‍ അകത്തേക്ക് കയറി പോയി . പിന്നീട് അവശനായാണ് പുറത്ത് വന്നതെന്നു ഷാരോണിന്റെ സുഹൃത്ത് പറയുന്നു. പെണ്‍കുട്ടിയെ ഷാരോണ്‍ വിവാഹം കഴിച്ചിരുന്നതായും ഇയാളുടെ വീട്ടുകാര്‍ പറയുന്നു. വിവാഹം കഴിക്കാന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ തന്റെ പിറന്നാള്‍ മാസം കൂടിയായ നവംബറിന് മുന്‍പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നും തനിക്കതില്‍ വിശ്വാസമില്ലന്നുമായിരുന്നു ഷാരോണിന്റെ നിലപാട്.

തുടര്‍ന്ന് പെണ്‍കുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടി. കുങ്കുമം അണിഞ്ഞ ഫോട്ടോകള്‍ എല്ലാ ദിവസവും ഷാരോണിന് അയച്ചു കൊടുക്കുമായിരുന്നുവെന്നും ഇതെല്ലാം ഷാരോണിന്റെ വാട്‌സ് ആപ്പിലുണ്ടെന്നും ഒരു സ്വകാര്യ ചാനലിനോട് ഷാരോണിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ പതിനാലാം തീയതി രാവിലെ ഒന്‍പത് മണിക്ക് പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ ഷാരോണ്‍ അവരെ കാണാന്‍ പോയതെന്നും വീട്ടുകാര്‍ പറയുന്നു. അച്ഛനും അമ്മയും പുറത്തുപോകാന്‍ നില്‍ക്കുകയാണെന്നും വരണമെന്നും പറഞ്ഞു. അങ്ങിനെയാണ് കൂട്ടുകാരനോടൊപ്പം യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ യുവാവ് വയറില്‍ കൈവച്ചുകൊണ്ടാണ് പുറത്തേക്ക് വന്നത്. ചോദിച്ചപ്പോള്‍ കഷായവും ജ്യൂസും കുടിച്ച വിവരം പറഞ്ഞു.

വീട്ടിലെത്തിയ ഷാരോണ്‍ അവശനാവുകയും ആദ്യം പാറശാല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായാണ് ഷാരോണ്‍ മരിച്ചത്. വിഷം ഉള്ളില്‍ ചെന്നത് കൊണ്ടാണ് അങ്ങിനെ സംഭവിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published.