യുവാവ് മുങ്ങി മരിച്ചു; അപകടം മുത്തേരിമടയിൽ കുളിക്കാനിറങ്ങിയപ്പോൾ


കോട്ടയം: കുമരകം മുത്തേരിമട വള്ളം കളി സ്റ്റാർട്ടിങ് പോയന്റിന് സമീപം കുളിക്കാനിറങ്ങിയപ്പോൾ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടകം കറുകയിൽ വിൻസെന്റിന്റെ മകൻ ലിജിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ലിജിനെ വെള്ളത്തിൽ മുങ്ങി കാണാതാവുകയായിരുന്നു. തെരച്ചിലിനൊടുവിൽ 2 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കുമരകത്തിന് സമീപം പത്തുപങ്കിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ ലിജിൻ അടക്കമുള്ള നാലംഗ സംഘം ശനിയാഴ്ച എത്തിയതാണ്. ഞായറാഴ്ച രാവിലെ മടങ്ങുന്നതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മുത്തേരിമടയാറിന്റെ മറുകരയിലേക്ക് നീന്തിയ ലിജിൻ അക്കരെ എത്തിയ ശേഷം തിരികെ നീന്തുമ്പോൾ മധ്യഭാഗത്ത് വെച്ച് മുങ്ങിത്താഴുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു.
ആറ്റിൽ കുളിക്കാനിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹോംസ്റ്റേ ഉടമ പറഞ്ഞു. കുമരകത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു സംഘം ഹോം സ്റ്റേയിലെത്തിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുമരകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.