എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗക്കേസ് ചുമത്തി, അറസ്റ്റിന് നീക്കം


സുഹൃത്തായ അധ്യാപികയെ മര്‍ദ്ദിച്ച കേസില്‍ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗകുറ്റം ചുമതത്തി. തിരുവനന്തപുരം ക്രൈംബ്രാഞ്ചാണ് ബലാല്‍സംഗകുറ്റത്തിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയതത്. യുവതിയെ പൊലീസ് ഉടന്‍ വൈദ്യപരിശോധനക്ക് വിധേയമാക്കും.
ബലാല്‍സംഗക്കുറ്റം ചുമത്തിയ സ്ഥിതിക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എം എല്‍ എ യെ അറസ്റ്റ്‌ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ ശനിയാഴ്ച കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കായി സ്പീക്കറെ സമീപിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
യുവതിയെ മര്‍ദ്ദിച്ചുവെന്നത് മാത്രമായിരുന്നു നേരത്തെ കുന്നപ്പിള്ളിക്കെതിരേയുള്ള പരാതി. അതനുസരിച്ചുള്ള വകുപ്പുകള്‍ മാത്രമായിരുന്നു കോവളം പോലീസ് എടുത്തിരുന്നത്. വഞ്ചിയൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ പരാതിക്കാരി നല്‍കിയ മൊഴിയുടെകൂടി അടിസ്ഥാനത്തിലാണ് കുന്നപ്പിള്ളിക്കെതിരേ ക്രൈംബ്രാഞ്ച് പുതിയ വകുപ്പുകള്‍ ചുമത്തിയത്.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളി എവിടെയാണെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല.എല്‍ദോസ് ഉപദ്രവിച്ചെന്ന് കാട്ടി സെപ്റ്റംബര്‍ 28നാണ് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പരാതിക്കാരി ആരോപിക്കുകയും ചെയ്തിരുന്നു.