വടക്കഞ്ചേരി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു


തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗമാണ് ധനസഹായം പ്രഖ്യാപിച്ചത്. വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് പേരാണ് മരിച്ചത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി നേരത്തെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നാകും തുക കൈമാറുക. അപകടത്തിന് പിന്നാലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാർത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ വെച്ച് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിന്നില്‍ ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തില്‍ അഞ്ചുവിദ്യാർത്ഥികളും ഒരു അധ്യാപകനും മരിച്ചു. കൂടാതെ കെഎസ്ആര്‍ടിസി ബസിലെ യാത്രികരായ മൂന്ന് പേർക്കും അപകടത്തിൽ ജീവൻ നഷ്ടമായി.