500 പോര, കൈക്കൂലിയായി 2500 വേണമെന്ന് വില്ലേജ് ഓഫീസര്‍; ഒടുവില്‍ വിജിലന്‍സ് അറസ്റ്റ്


കൈക്കൂലി വാങ്ങുന്നതിനിടെയില്‍ ഇടുക്കി കൊന്നത്തടിയില്‍ വില്ലേജ് ഓഫിസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ പ്രമോദ് കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി സമീപിച്ച കാക്കാസിറ്റി സ്വദേശിയില്‍ നിന്ന് ഇയാള്‍ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു അറസ്റ്റ്.
ആദ്യം കൈക്കൂലിയായി 500 രൂപ നല്‍കിയെങ്കിലും ഇയാള്‍ കൂടുതല്‍ തുക സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ നേരിട്ട് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് പരാതിക്കാരന് നല്‍കിയ 2500 രൂപ വില്ലേജ് ഓഫിസര്‍ക്ക് കൈമാറുന്നതിനിടയിലാണ് വിജിലന്‍സ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയില്‍ ഹാജരാക്കും.