പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു; വിലക്ക് അഞ്ച് വര്‍ഷത്തേക്ക്


ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംഘടന ഓഫീസുകളിലും നേതാക്കന്മാരുടെ വസതികളിലും അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തുന്നതിനിടെയാണ് നിരോധനം. ചൊവ്വാഴ്ച്ചയും സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ ഇന്നലെ റെയ്ഡ് നടക്കുന്നത്.
176 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഇന്നലത്തെ റെയ്ഡില്‍ കര്‍ണാടകയില്‍ മാത്രം 45 പേര്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേരെയും അസമില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും 12 പേരെ വീതവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൊബൈല്‍ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്. നേരത്തെ എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഉയര്‍ന്ന് പ്രതിഷേധങ്ങളും അക്രമങ്ങളുമായും ബന്ധപ്പെട്ടും, അറസ്റ്റിലായവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നത്.