‘എന്‍റെ പിള്ളാരെ കയറ്റാതെ നീയൊന്നും പോകേണ്ട’ ; വിദ്യാര്‍ഥികളെ കയറ്റാത്ത ബസ് നടുറോഡില്‍ തടഞ്ഞ പ്രിന്‍സിപ്പല്‍ വൈറൽ
1 min read

വിദ്യാര്‍ഥികളെ കാണുമ്പോള്‍ തന്നെ ഡബള്‍ ബെല്ലടിച്ച് നിര്‍ത്താതെ പോകുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ പതിവാണ്. രാവിലെയും വൈകിട്ടും വിദ്യാലയങ്ങള്‍ക്ക് മുന്‍പില്‍ ബസ് കയറാന്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നതിനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതും കേരളത്തിലെ പതിവ് കാഴ്ചയാണ്. കുട്ടികളെ കണ്ടാല്‍ സ്‌റ്റോപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം വിദ്യാര്‍ഥികളെ കയറ്റുക തുടങ്ങി പല രീതികളും ബസ് ജീവനക്കാര്‍ പ്രയോഗിക്കാറുണ്ട്.
ഇക്കാര്യം ചോദ്യം ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ പോലും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോയ പ്രൈവറ്റ് ബസ് തടയാനായി പ്രിന്‍സിപ്പല്‍ തന്നെ റോഡിലിറങ്ങിയാലോ..അങ്ങനെയൊരു സംഭവമാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ബസ് സ്‌കൂളിന് മുന്നിലെ സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന വിദ്യാര്‍ഥികളുടെ നിരന്തര പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ തന്നെ റോഡിലിറങ്ങി ബസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി.ടി.എ.എച്ച്. എസ്.എസ്. പ്രിന്‍സിപ്പലായ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് വിദ്യാര്‍ഥികള്‍ക്കായി റോഡിലിറങ്ങി സ്വകാര്യ ബസ് തടഞ്ഞിട്ടത്. പ്രിന്‍സിപ്പലുമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് കൂടിയാണ് ഇദ്ദേഹം.
സംഭവം നടന്നതിന്‍റെ തലേദിവസം ബസ് തടയാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇതോടെ പിറ്റേന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസ് നടു റോഡില്‍ തടഞ്ഞിട്ടത്.
ബസ് തടയുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ആളുകളെയും വിദ്യാര്‍ഥികളെയും അറിയിക്കാതെയാണ് അധ്യാപകന്‍ തനിച്ച് റോഡില്‍ ഇറങ്ങിയത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്ഥിരമായ സ്റ്റോപ്പില്‍ നിര്‍ത്താറില്ലെന്നും അപകടകരമായി അമിതവേഗത്തില്‍ ഓടിച്ച് പോകുകയാണെന്നും പരാതി ഉയര്‍ന്ന പശ്ചാലത്തിലാണ് പ്രിന്‍സിപ്പൽ തന്നെ നേരിട്ട് ബസ് തടയാന്‍ ഇറങ്ങിയത്.
ദൂരെ നിന്നും ബസ് വരുന്നത് കണ്ടപ്പോള്‍ തന്നെ റോഡിന് നടുവിലേക്ക് നെഞ്ചുംവിരിച്ച് കയറി നിന്ന് കൈകാണിച്ച് ബസ് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് താന്‍ സ്കൂളിന്‍റെ പ്രിന്‍സിപ്പിലാണെന്നും വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നത് അനുവദിക്കാനാകില്ലെന്നും കാട്ടി ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് വിദ്യാര്‍ഥികളെ കയറ്റിയ ശേഷമാണ് സര്‍വീസ് തുടര്‍ന്നത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാണ്.
വിദ്യാര്‍ഥികളെ കയറ്റാന്‍ ബസ് ജീവനക്കാര്‍ മടികാണിക്കുന്നുവെന്നും അമിതവേഗത്തില്‍ ഓടിച്ച് പോകുന്നുവെന്നും കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകന്‍ പറയുന്നത്.