കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ തെളിവു നശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് നീക്കണമെന്ന പരാതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു


കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ തെളിവു നശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന പരാതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. എല്‍.ഡി.എഫ് ഘടക കക്ഷിയായ എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരാണ് ശ്രീറാമിനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെ സമീപിച്ചത്.
അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനാല്‍ ശ്രീറാം വെങ്കിട്ടരാമിനെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും ക്രിമിനല്‍ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി ജോയന്റ് സെക്രട്ടറി റാങ്കിലേക്ക് നല്‍കിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സലീം മടവൂര്‍ പരാതി നല്‍കിയത്. പരാതി വിശദമായി പരിശോധിച്ചതില്‍ അതില്‍ ഉന്നയിച്ച വിഷയങ്ങള്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് വിധേയമായതിനാല്‍ ഫയലില്‍ സ്വീകരിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
പാതിരാത്രിയില്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനായ സിറാജ് ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐ.എ.എസ് പദവി ദുരുപയോഗം ചെയ്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തി. ഭാവിയില്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥന്‍ പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്തസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു.