എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളിൽ 15 കാരിയെയും കണ്ടെത്തി; ഒപ്പമുണ്ടായിരുന്നത് ആൺസുഹൃത്ത്


കൊച്ചി: എറണാകുളം അയ്യമ്പള്ളിയിൽ നിന്ന് കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി തിരിച്ചെത്തിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെയും ഒപ്പം ആണ്‍സുഹൃത്തിനെയും കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരികയായിരുന്നു.
ചൊവ്വാഴ്ചയാണ് 15 വയസുള്ള പെണ്‍കുട്ടിയെയും സഹോദരനായ 13 വയസുകാരനെയും കാണാതായത്. ഇതില്‍ 13 കാരന്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന സഹോദരി സഹോദരനൊപ്പം തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍വെച്ച് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് തിരികെ എത്തിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍ വര്‍ക്കലയില്‍ എത്തി എന്ന വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിരുന്നു. അതിനിടയിലാണ് പെണ്‍കുട്ടി തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
അമ്മയുടെ വീട്ടില്‍ നിന്ന് പഠിക്കുകയായിരുന്നു ഇരുവരും. വീട്ടില്‍ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് വീട് വിട്ട് ഇറങ്ങിയതെന്നായിരുന്നു അഭ്യൂഹം. കാണാതായ ദിവസം ഇവരെ മറൈന്‍ഡ്രൈവില്‍ കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിറ്റി പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിറ്റേന്ന് പുലര്‍ച്ചെ വര്‍ക്കലയില്‍ ഉണ്ടെന്ന വിവരം ലഭിച്ചിരുന്നെങ്കിലും അവിടെനിന്നും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കാണാതായ 13 കാരന്‍ കഴിഞ്ഞദിവസം വീട്ടില്‍ മടങ്ങിയെത്തിയത്.