സ്കൂൾ ബസിനുള്ളിൽ നാലുവയസുകാരിയുടെ മരണം; മൂന്നുപേർ അറസ്റ്റിലെന്ന് സൂചന;കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി


ദോഹ: സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മിൻസ മറിയം ജേക്കബ് (നാല്) മരിച്ച സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സൂചന. മലയാളി ഉൾപ്പടെയുള്ള ജീവനക്കാരാണ് അറസ്റ്റിലായതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് സ്കൂളിലേക്ക് വന്ന ബസിൽ ബാലിക ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ജീവനക്കാർ വാതിൽ ലോക്ക് ചെയ്തു പോയത്. കൊടുചൂടിലാണ് മിൻസ മറിയം ജേക്കബ് മരിച്ചത്.
ഖത്തർ വിദ്യാഭ്യാസമന്ത്രി ബുഥെയ്ന ബിൻത് അലി അൽ നുഐമി കഴിഞ്ഞ ദിവസം മിൻസയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. മിൻസയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഖത്തർ വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ മന്ത്രാലയം അധികാരികളുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചു.
വിദ്യാർത്ഥികൾക്ക് ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാനും ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടാകാതിരിക്കാനുമാണ് മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി.
സ്‌പ്രിംഗ്‌ഫീൽഡ് കിന്റർഗാർട്ടനിലെ അൽ വക്രയിലെ കെജി 1 വിദ്യാർത്ഥിനിയായ മിൻസ മറിയം ജേക്കബ് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നും കുടുംബവുമായി അടുപ്പമുള്ള സുഹൃത്തുക്കൾ പറയുന്നു. അകത്ത് കുട്ടിയുടെ സാന്നിധ്യം ആരും അറിയാതെ പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് നിർത്തിയത്.
രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാൻ ബസിൽ തിരിച്ചെത്തിയപ്പോഴാണ് ബസ് ജീവനക്കാർ കുട്ടിയെ ശ്രദ്ധിച്ചത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
കോട്ടയം സ്വദേശി അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടാമത്തെ മകളായ മിൻസയുടെ നാലാം ജന്മദിനത്തിലാണ് മരണം സംഭവിച്ചത്. വരും ദിവസങ്ങളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.