NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശസ്ത്രക്രിയ കാത്ത് രോഗി; ബാംഗ്ലൂര്‍ ട്രാഫിക്കില്‍ കുരുങ്ങിയ ഡോക്ടര്‍ കാറിൽനിന്നും ഇറങ്ങി ഓടിയത് 3 കി.മി. ദൂരം!

പ്രതീകാത്മക ചിത്രം

ഗതാഗതകുരുക്കില്‍ കുരുങ്ങി സമയം വൈകിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്താനായി മൂന്ന് കിലോ മീറ്റര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍. ബംഗളൂരുവിലെ സര്‍ജാപുരിലാണ് സംഭവം. മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഗോവിന്ദ് നന്ദകുമാറാണ് രോഗിക്ക് വേണ്ടി ഓടിക്കിതച്ച് ആശുപത്രിയിലെത്തിയത്. ഗ്യാസ്ട്രോഎൻട്രോളജി സർജനായ ഗോവിന്ദ്, ഓഗസ്റ്റ് 30നാണ് ഒരു രോഗിക്ക് പിത്തസഞ്ചിയില്‍ അടിയന്തര ലാപ്രോസ്കോപ്പിക് സര്‍ജറി നിശ്ചയിച്ചിരുന്നത്.

ശസ്ത്രക്രിയയുടെ സമയം അനുസരിച്ച് വീട്ടില്‍ നിന്ന് ഗോവിന്ദ് ആശുപത്രിയിലേക്ക് ഇറങ്ങുകയും ചെയ്തു. എന്നാല്‍, ബംഗളൂരുവിലെ ഗതാഗതകുരുക്കില്‍ ഗോവിന്ദ് കുരുങ്ങി. കൃത്യസമയത്ത് യാത്ര ആരംഭിച്ചാലും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് യാതൊരു ഉറപ്പുമില്ലെന്നുള്ളതാണ് ബംഗളൂരു റോഡുകളെ കുറിച്ചുള്ള സ്ഥിരം പരാതി. താന്‍ കണക്കുകൂട്ടിയത് പോലെ ആശുപത്രിയിലെത്താന്‍ സാധിക്കില്ലെന്ന് ഒടുവില്‍ ഗോവിന്ദ് മനസിലാക്കി.

സാധാരണ സര്‍ജാപുരില്‍ നിന്ന് മരത്തഹള്ളിയില്‍ എത്താന്‍ 10 മിനിറ്റുകള്‍ മാത്രമാണ് വേണ്ടത്. എന്നാല്‍, അര മണിക്കൂര്‍ എടുത്താലും ആ ദൂരം താണ്ടാന്‍ ചെലപ്പോള്‍ ഈ ട്രാഫിക്ക് ബ്ലോക്കിനിടെ സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് ഗോവിന്ദ് മറ്റ് മാര്‍ഗങ്ങള്‍ നോക്കിയത്. സമയം വൈകുന്നത് ചിലപ്പോള്‍ രോഗിയുടെ ആരോഗ്യ നിലയെ തന്നെ ഗുരുതരമായി ബാധിച്ചേക്കാം. ഇതോടെ വാഹനം അവിടെ നിര്‍ത്തി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.

കൃത്യസമയത്ത് ആശുപത്രിയിലെത്താനായി മൂന്ന് കിലോമീറ്ററാണ് ഗോവിന്ദ് ഓടിയത്. അവസാന സ്ട്രെച്ച് സാധാരണയായി 10 മിനിറ്റാണ് എടുക്കാറുള്ളത്. ട്രാഫിക്കിൽ കുടുങ്ങി വൈകിയതിൽ ആകെ പരിഭ്രാന്തനായി. ഗൂഗിൾ മാപ്പ് പരിശോധിച്ചപ്പോള്‍ 45 മിനിറ്റ് കൂടി ആശുപത്രിയിലെത്താന്‍ വേണ്ടി വരുമെന്ന് കാണിച്ചു. ഇതോടെയാണ് ആശുപത്രിയലേക്ക് ഓടിയത്. ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയ കാറിന്‍റെ കാര്യം ഡ്രൈവറുള്ളതിനാല്‍ പ്രശ്നമായില്ല.

എന്നും ജിമ്മില്‍ പരിശീലിക്കുന്നതിനാല്‍ ഓട്ടമൊക്കെ വളരെ എളുപ്പമായിരുന്നുവെന്നും ഗോവിന്ദ് പറഞ്ഞു. ഇതാദ്യമായല്ല ജോലിസ്ഥലത്തേക്കുള്ള വഴിയിൽ പ്രശ്നങ്ങളുണ്ടാകുന്നത്. ബംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ട്രാഫിക്കില്‍ കുടുങ്ങി പോയിട്ടുണ്ട്. രോഗിയെ നന്നായി പരിചരിക്കുന്നതിന് ആവശ്യമായ സ്റ്റാഫും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയിൽ ഉള്ളതിനാൽ ഉത്കണ്ഠപ്പെട്ടില്ല. ചെറിയ ആശുപത്രികളുടെ സ്ഥിതിയും ഇതുപോലെയാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.