അമരക്കാരനെ പങ്കായം കൊണ്ട് കുത്തി വെള്ളത്തിലിട്ട സംഭവം; തെറ്റില്ലെന്ന് ജില്ലാ പൊലീസ് മേധാവി


മാന്നാറില്‍ നടന്ന മഹാത്മാഗാന്ധി ജലോത്സവത്തില്‍ വിജയത്തോടടുത്ത ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായംകൊണ്ട് പൊലീസ് ടീമിലെ തുഴച്ചില്‍ക്കാരന്‍ വീഴ്ത്തിയ സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപ്പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി. ചെറുതന ചുണ്ടന്‍ ട്രാക്കുതെറ്റി പൊലീസ് വള്ളത്തിനരികിലേക്ക് എത്തുകയാണുണ്ടായതെന്നാണ് വിശദ്ധീകരണം.
മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവത്തിനിടെ ചെറുതന ചുണ്ടന്‍ ട്രാക്കുതെറ്റി പൊലീസ് വള്ളത്തിനരികിലേക്ക് എത്തുകയാണുണ്ടായത്. പൊലീസ് ടീമിന്റെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ അന്വേഷണമോ നടപടിയോ ആവശ്യമില്ലെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു.
ഫൈനലില്‍ വീയപുരംബോട്ട് ക്ലബ്ബ് തുഴഞ്ഞ ചെറുതന ചുണ്ടനെ പിന്നിലാക്കി കേരള പൊലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടനാണു വിജയിച്ചത്. രണ്ടുവള്ളപ്പാട് മുമ്പുവരെ ചെറുതന ചുണ്ടനായിരുന്നു മത്സരത്തില്‍ മുന്നില്‍. ഇതിനിടെ നിരണം ചുണ്ടനിലെ ഒരു തുഴച്ചില്‍ക്കാരന്‍ ചെറുതന ചുണ്ടനിലെ അമരക്കാരനായ പ്രദീപിനെ പങ്കായത്തിനു തള്ളിയിട്ടതായാണ് ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
സംഘാടകസമിതിക്കുമുന്നില്‍ പരാതി പറയാനെത്തിയ ചെറുതന ചുണ്ടന്റെ തുഴച്ചില്‍ക്കാരെ പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്.