മന്ത്രി സഭയില്‍ സമഗ്ര അഴിച്ചുപണിക്ക് പിണറായി ലക്ഷ്യമിടുന്നു, കെ കെ ഷൈലജയെ തിരിച്ചുകൊണ്ടുവരാനും നീക്കം


മന്ത്രി സഭയില്‍ സമഗ്രമായ അഴിച്ചുപണിക്ക് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതായി സൂചന. കോടിയേരിക്ക് പകരം എം വി ഗോവിന്ദനെയോ, വി എസ് വിജയരാഘവനെയോ സംസ്ഥാന സെക്രട്ടറിയാക്കാനാണ് പിണറായി ആഗ്രഹിക്കുന്നത്. നാളെ നടക്കുന്ന അവൈലബിള്‍ പൊളിറ്റ് ബ്യുറോ യോഗത്തില്‍ ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ച ഉണ്ടാകുമെന്നറിയുന്നു. എം വി ഗോവിന്ദനാണ് സാധ്യത കൂടുതല്‍.
മന്ത്രിമാരുടെ പ്രവര്‍ത്തനത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി സഭയില്‍ വിപുലമായ അഴിച്ചു പണി മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. കൂടുതല്‍ പ്രവര്‍ത്തന മികവ് പ്രതീക്ഷിക്കുന്നവരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നറിയുന്നു.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ വീണ്ടും മന്ത്രി സഭയിലേക്ക് കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ സജീവമാണ്. എം ബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നു മാറ്റി മന്ത്രിയാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ സ്പീക്കര്‍ ആക്കിയേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ മാറ്റി പകരം എം ബി രാജേഷിനെ ആ സ്ഥാനത്തേക്ക് നിയോഗിക്കാനും നീക്കമുണ്ട്. ശിവന്‍ കുട്ടിയെ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാനും നീക്കമുണ്ട്.
സജി ചെറിയാന് പകരം ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് മറ്റൊരു മന്ത്രിയെ കണ്ടെത്താനുള്ള നീക്കവും നടക്കുന്നുണ്ട്. വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ആ വിഭാഗത്തെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമവും മന്ത്രി സഭാ പുനസംഘടനയിലൂടെ ഉണ്ടാകുമെന്നാണ് സൂചന.
ഞായാറാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും, തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയും അടിയന്തിരമായി ചേരുന്നുണ്ട്. പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും. ആഭ്യന്തര വകുപ്പ് അടക്കമുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ വിവിധ പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ശക്തമായ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ നാളെയും മറ്റെന്നാളുമായി നടക്കുന്ന യോഗങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്.
ആരോഗ്യം , പൊതുമരാമത്ത്, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളെക്കുറിച്ച് സി പി ഐ അടക്കമുള്ള ഘടകക്ഷികള്‍ക്കും വലിയ പരാതിയുണ്ട്.
പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെയാണു ഭരിക്കുന്നതെന്നും സിപിഐയുടെ വകുപ്പുകളില്‍ കൈകടത്തുന്നുവെന്നും പല ജില്ലാ സമ്മേളനങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.