NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എംഎല്‍എയായി 18,728 ദിവസം; കൂടുതല്‍ കാലം നിയമസഭാംഗമെന്ന റെക്കോർഡ് ഇനി ഉമ്മൻചാണ്ടിക്ക്

1 min read

തിരുവനന്തപുരം: ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോർഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് (Oommen Chandy) സ്വന്തം. മുൻ മന്ത്രിയും കേരള കോൺ​ഗ്രസ് എം നേതാവുമായിരുന്ന കെ എം മാണിയെയാണ് ഉമ്മൻ ചാണ്ടി മറികടന്നത്. 2022 ഓ​ഗസ്റ്റ് 2ന് 18,728 ദിവസം (51 വർഷം മൂന്നേകാൽ മാസം) ഉമ്മൻ ചാണ്ടി നിയമസഭാ അംഗമെന്ന നിലയിൽ പൂർത്തീകരിച്ചു. നിയമസഭ രൂപവത്കരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ചാണ് ഇത്. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കിയാൽ ഈ മാസം 11നാണ് റെക്കോർഡ് മറികടക്കുക.

 

പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ

നാലാം കേരള നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി, 2021 മേയ് മൂന്നിന് രൂപവത്കൃതമായ 15ാം നിയമസഭയിലും പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്താണ് സഭയിലേക്ക് എത്തിയത്. 1970 സെപ്റ്റംബർ 17നാണ് നാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തൊട്ടടുത്ത ദിവസം വോട്ടെണ്ണലും നടന്നു. അതുവരെ പുതുപ്പള്ളി മണ്ഡലം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടിയെയാണ് പുതുപ്പള്ളി വിജയിപ്പിച്ചത്. നാലാം കേരള നിയമസഭ രൂപവത്കരിച്ചത് 1970 ഒക്ടോബർ നാലിനാണ്. തുടർച്ചയായി 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് മാത്രം വിജയിച്ച് ഉമ്മൻ ചാണ്ടി കേരള നിയമസഭയിലേക്ക് എത്തിയത്. രണ്ടുതവണ മുഖ്യമന്ത്രിയായ (2004–2006, 2011–2016) അദ്ദേഹം നാലു വട്ടം മന്ത്രിയും ഒരുതവണ (2006–2011) പ്രതിപക്ഷ നേതാവുമായി. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (1977–1978) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (1981–1982) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (1991–1994) പ്രവർത്തിച്ചു

 

കെ എം മാണി

പാലാ നിയോജകമണ്ഡലത്തിൽ നിന്ന് 1965 മുതൽ 2016 വരെ തുടർച്ചയായി 13 തവണ കെ എം മാണി വിജയിക്കുകയും 12 നിയമസഭകളിൽ അംഗമാകുകയും ചെയ്തു. ആദ്യമായി വിജയിച്ചത് 1965 ലാണെങ്കിലും ആദ്യമായി നിയമസഭാംഗമായത് 1967ലാണ്. 2019 ഏപ്രിൽ 9ന് അന്തരിച്ചു. 1965 മാർച്ച് 17ന് രൂപീകരിച്ച നിയമസഭ, അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നടത്താതെ 24ന് പിരിച്ചുവിടുകയായിരുന്നു. ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ മന്ത്രിസഭ രൂപീകരിക്കാൻ കഴിയാതെവന്നതാണ് കാരണം. സത്യപ്രതിജ്‌ഞ നടക്കാത്തതിനാൽ 1965ലെ 7 ദിവസം നിയമസഭാംഗത്വത്തിന് പരിഗണിക്കാൻ കഴിയില്ല. ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നതിന്റ റെക്കോർഡ് കെ എം മാണിക്ക് തന്നെയാണ്.

മന്ത്രിമാരിൽ പത്താമൻ

ഇതുവരെയുള്ള 226 മന്ത്രിമാരിൽ ഉമ്മൻ ചാണ്ടിയ്ക്ക് (4190 ദിവസം) 10–ാം സ്ഥാനമാണ്. കെ.എം. മാണി (8759), പി.ജെ. ജോസഫ് (6105), ബേബി ജോൺ (6061), കെ.ആർ. ഗൗരിയമ്മ (5824), കെ. കരുണാകരന്‍ (5254), കെ. അവുക്കാദർകുട്ടി നഹ (5108), ടി.എം. ജേക്കബ് (5086), പി.കെ. കുഞ്ഞാലിക്കുട്ടി (4954), ആർ. ബാലകൃഷ്ണപിള്ള (4265) എന്നിവരാണ് മുൻനിരയിൽ. മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കണക്കാണിത്.

മുഖ്യമന്ത്രിമാരിൽ നാലാമൻ

ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് (2459 ദിവസം) നാലാം സ്ഥാനമാണ്. ഇ കെ നായനാർ (4009), കെ. കരുണാകരൻ (3246), സി. അച്യുതമേനോൻ (2640) എന്നിവരാണ് മുൻനിരയിൽ.

ഇതുവരെയുള്ള 970 എംഎൽഎമാരിൽ ഉമ്മൻ ചാണ്ടിയും കെ എം മാണിയും മാത്രമാണു നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്. കെ ആർ ഗൗരിയമ്മ (15544 ദിവസം), ബേബി ജോൺ (15184), പി ജെ ജോസഫ് (15072), സി എഫ് തോമസ് (14710) എന്നിവർ 40 വർഷത്തിലധികം വർഷം എംഎൽഎ ആയവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!