കേരള സുന്നി ജമാഅത്ത് പതിനഞ്ചാം വാർഷികം: വെസ്റ്റ് ജില്ലാ കൺവെൻഷൻ, ആദർശ രംഗത്ത് ഇസ്‌ലാമിനു വെല്ലുവിളികളില്ല: നജീബ് മൗലവി
1 min read

ആദർശ രംഗത്ത് ഇസ്‌ലാമിനെ വെല്ലാൻ ഒരു പ്രസ്ഥാനത്തിനുമാകില്ലന്നും ഭൗതിക വെല്ലുവിളികളായി നിലനിൽക്കുന്ന ഭരണകൂട- സംഘപരിവാർ ഭീഷണികൾ ശാശ്വതമല്ലെന്നും രാജ്യത്തെ മതേതര ശക്തികൾ ഭിന്നത മറന്ന് കൈകോർക്കുന്നതോടെ നീങ്ങാവുന്നതേയുള്ളുവെന്നും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി പറഞ്ഞു.
കേരള സുന്നി ജമാഅത്ത് പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ കൺവെൻഷൻ വേങ്ങര വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അഷ്റഫ് ബാഹസൻ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് യഹ്ഖുബ് തങ്ങൾ പ്രാർത്ഥന നടത്തി. ‘സമകാലിക വെല്ലുവിളികൾ ‘ എന്ന പ്രമേയം സ്റ്റേറ്റ് സെക്രട്ടറി സിറാജുദ്ദീൻ മൗലവി വീരമംഗലം അവതരിപ്പിച്ചു. സ്വദഖത്തുല്ല മൗലവി കാടാമ്പുഴ സംഘത്തെ പരിചയപ്പെടുത്തി.
എസ് വൈ എഫ് സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ, സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, അലി അക്ബർ മൗലവി എന്നിവർ പ്രസംഗിച്ചു. ജലീൽ വഹബി മൂന്നിയൂർ സ്വാഗതവും മുഹിയുദ്ദീൻ മന്നാനി നന്ദിയും പറഞ്ഞു.