ശബരിനാഥന്റെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി


വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ കെ എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയില്ല. സാധാരണ നടപടിയാണിതെന്നും വിഷയത്തില്‍ അടിയന്തര സാഹചര്യം കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഡെപ്യൂട്ടി സ്പീക്കര്‍ വിഷയം ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലുള്ള വിഷയമണിതെന്നും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല. വിഷയത്തിന് അടിയന്ത്ര പ്രാധാന്യം ഇല്ലെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു. അതേസമയം ചട്ടം വളച്ചൊടിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ പറഞ്ഞു. സോളാര്‍, ബാര്‍ കേസുകള്‍ എന്നിങ്ങനെ കോടതി പരിഗണിച്ചിരുന്ന കേസുകള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവിനെ പോലെ ഒളിച്ചോടുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയത്. സ്വര്‍ണ – ഡോളര്‍ കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നടപടികളെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം വിമാനത്തിലെ പ്രതിഷേധത്തിന്റെ ഗൂഢാലോചനകുറ്റം ചുമത്തി അറസറ്റ് ചെയ്ത കെ.എസ്.ശബരീനാഥന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം. ജാമ്യ ഉപാധി പ്രകാരമാണ് ചോദ്യം ചെയ്യല്‍. ഇന്ന് മുതല്‍ മൂന്ന് ദിവസം ഹാജരാകാനാണ് കോടതി ഉത്തരവ്. അന്വേഷണസംഘം ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ട്. ശംഖുമുഖം എ.സി.പിയുടെ നേതൃത്വത്തിലെ സംഘമാവും ചോദ്യം ചെയ്യുക.